ഫിറ്റ്‌നസ് പ്രയത്‌നവുമായി കേന്ദ്രമന്ത്രിമാര്‍! പരസ്പരം പുകഴ്ത്തിയും പ്രോത്സാഹിപ്പിച്ചും സഹപ്രവര്‍ത്തകരും; മോദിയുടെ മന്ത്രിമാരുടെ ‘കഷ്ടപ്പാടുകള്‍’ ട്വിറ്ററില്‍ വൈറല്‍

southlive_2017-04_61ee6995-7f9d-47f9-8cd2-201a98b70d4e_rijiju-rathore-gymജോലിഭാരം കാരണം ആവശ്യമായ വ്യായാമങ്ങളും മറ്റ് ശരീരക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ സമയം തികയുന്നില്ലെന്ന് പരിഭവിക്കുന്നവരാണധികവും. എന്നാല്‍ ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഇതിനോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ ഇവര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മാത്യകയാവുകയുമാണ്. കേന്ദ്രമന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകനും മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവുമായ രാജവര്‍ധന്‍ സിങ് റാത്തോര്‍ ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിന്റെ വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ക്ലാസിക് ചിത്രം റോക്കി ബ്ലെറിലെ ഐ ഓഫ് ദ ടൈഗര്‍ തീം സോങ്ങിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ റാത്തോറിന്റെ വ്യായാമം. കേന്ദ്രമന്ത്രിയുടെ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. ഡ്യൂട്ടിക്കിടെ ഫിസിക്കല്‍ ഫിറ്റ്നസിനൊന്നും സമയമില്ല. പക്ഷെ എന്റെ ഒളിമ്പിക് സഹപ്രവര്‍ത്തന്‍ എനിക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി – എന്ന അടിക്കുറിപ്പോടെ ആയിരുന്നു വീഡിയോ സഹിതം കിരണ്‍ റിജിജുവിന്റെ ട്വീറ്റ്. വീഡിയോ വൈറലായതോടെ റാത്തോറിനെ ഇന്ത്യയുടെ സ്വന്തം റോക്കി ബാല്‍ബോ എന്ന് വിളിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും വീഡിയോയോട് പ്രതികരിച്ചു. ഭരണത്തിലും ഫിറ്റനസിലുമുള്ള റാത്തോറിന്റെയും റിജുജുവിന്റെയും ആത്മാര്‍ത്ഥത തനിക്ക് ഭീഷണിയാണെന്നായിരുന്നു സുരേഷ് പ്രഭുവിന്റെ പ്രതികരണം. ഫിറ്റനസില്‍ ശ്രദ്ധിക്കുന്ന മന്ത്രിമാരെ പ്രശംസിച്ച് ട്വിറ്റര്‍ ലോകവും രംഗത്തെത്തി. ആരോഗ്യമുള്ള ഇന്ത്യയുടെ തുടക്കമാകട്ടെ ഇതെന്ന് പലരും ആശംസിക്കുകയും ചെയ്തു. ഇതാദ്യമായല്ല ഇരുവരും ചേര്‍ന്നുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. ജിമ്മില്‍ ബോഡി ബില്‍ഡിംഗ് നടത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇതിനുമുമ്പും പങ്കുവച്ചിട്ടുണ്ട്.

Related posts