
കോവിഡ്-19നെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിലായി.എന്നിരുന്നാലും വീട്ടിനുള്ളിലിരുന്ന് വ്യാജ വാര്‍ത്ത പടച്ചു വിടുന്നവരും കുറവല്ല.
അത്തരത്തിലൊന്നായിരുന്നു നടന്‍ ആമിര്‍ ഖാന്‍ ‘ഗോതമ്പുപൊടിക്കുള്ളില്‍ പൈസ ഒളിപ്പിച്ച്’ പാവങ്ങള്‍ക്കു വിതരണം ചെയ്തുവെന്ന വാര്‍ത്ത. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി സാക്ഷാല്‍ ആമിര്‍ ഖാന്‍ തന്നെ രംഗത്തുവന്നു.
‘സുഹൃത്തുക്കളേ, ഞാന്‍ ഗോതമ്പ് ബാഗുകളില്‍ പണം നിക്ഷേപിച്ചിട്ടില്ല. ഒന്നുകില്‍ ഇത് പൂര്‍ണമായും വ്യാജകഥയാണ്, അല്ലെങ്കില്‍ സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റോബിന്‍ ഹുഡ്. സുരക്ഷിതരായിരിക്കുക. സ്നേഹം.’-ആമിര്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
സമാന്‍ എന്ന യുവാവ് ചെയ്ത ടിക്ടോക് വിഡിയോ ആയിരുന്നു ഈ വ്യാജ കഥയുടെ ഉറവിടം. ഗോതമ്പ് പൊടിയില്‍ നിന്നും പണമെടുക്കുന്ന വിഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വിഡിയോ.
വിഡിയോയില്‍ യുവാവ് പറയുന്നതിങ്ങനെ: ‘ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതമാണ് നല്‍കുകയെന്ന് വ്യക്തമാക്കി.
ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ.
അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി.
പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.’ ഇതാണ് വിഡിയോയില്‍ യുവാവ് പറയുന്നത്. ഇതാണ് പിന്നീട് ആമിര്‍ ഖാന്റെ പേരില്‍ പ്രചരിച്ചത്.
ആമിര്‍ ഖാന്‍ ഇത്തരത്തിലൊരു സഹായവിതരണം നടത്തിയിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നിരുന്നാലും ചിലരെങ്കിലും ഇക്കാര്യം വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ആമിര്‍ഖാന്റെ വിശദീകരണം വന്നതോടെ ആളുകള്‍ സത്യം മനസ്സിലാക്കുമെന്ന് കരുതാം…