അധ്യാപകരില്ല; അഗസ്ത്യക്കോട് സ്കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

KLM-TEACHINGഅഞ്ചല്‍: അധ്യാപകരില്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. അഗസ്ത്യക്കോട് ഗവ. ന്യൂ എല്‍പിഎസിന്റെ പ്രവര്‍ത്തനമാണ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.  നിലവില്‍ പ്രഥമാധ്യാപകന്‍ മാത്രമാണ് സ്കൂളിലുള്ളത്. എല്‍കെജി മുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി 63 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളില്ലാത്തതുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ നൂറുകണക്കിന് സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുമ്പോഴാണ് അധ്യാപകരില്ലാത്തതുമൂലം ഒരു സര്‍ക്കാര്‍ സ്കൂള്‍ പ്രതിസന്ധി നേരിടുന്നത്.

താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡിപ്പാര്‍ട്ടുമെന്റ് ഉത്തരവാണ് മിക്ക സര്‍ക്കാര്‍ സ്കൂളുകളുടേയും പ്രവര്‍ത്തനം താളംതെറ്റിക്കുന്നതിന് കാരണമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ജൂണ്‍ ആദ്യവാരം സ്കൂളിലെ ഒരു അധ്യാപകന്‍ ഹെഡ്മാസ്റ്ററായി പ്രമോഷന്‍ കിട്ടിയതുമൂലം സ്ഥലംമാറി പോയിരുന്നു. ഇതിനു പിന്നാലെ മറ്റ് രണ്ട് അധ്യാപകര്‍കൂടി സ്ഥലംമാറിപോയതോടെയാണ് സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുലാസിലായത്.

പ്രഥമാധ്യാപകനായ സുബൈര്‍ യഥാസമയം എഇഒയെ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല സ്കൂളിലെ വിവിധ ആവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസില്‍ പോകുന്നതിനും ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും കഴിയാതെ പ്രഥമാധ്യാപകനും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ സ്കൂളിന്റെ ചുമതല മറ്റാരേയും ഏല്‍പ്പിക്കാനാകാത്ത അവസ്ഥയാണുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതോടെ രക്ഷകര്‍ത്താക്കളുടെയും പ്രദേശത്തെ സാംസ്കാരിക സംഘടനയായ ശൈവ വൈഷ്ണസംഘത്തിന്റേയും നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ചചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പറായ വി നന്ദകുമാര്‍ സംഘടനാ ഭാരവാഹികളായ കെബി പ്രതീഷ്കുമാര്‍, രഞ്ജു രാജ്, എം അനീഷ് കുമാര്‍ എന്നിവര്‍ ഇന്നലെ അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെത്തി എഇഒയുമായി ചര്‍ച്ച നടത്തി.  സ്വാതന്ത്ര്യദിനത്തിന് സ്കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും കൂട്ടത്തോടെ എഇ ഓഫീസ് പടിക്കല്‍ സമരം ചെയ്യുന്നതുള്‍പ്പെടെയുള്ള സമരപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്ന് പറഞ്ഞു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം 12ന് മുമ്പ് സ്കൂളില്‍ രണ്ട് അധ്യാപകരെ നിയമിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതോടെയാണ് സംഘം അവിടെനിന്നും പിരിഞ്ഞുപോയത്.

കുട്ടികളില്ലാത്തതുമൂലം ഏതാനുംവര്‍ഷം മുമ്പ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ജില്ലയുടെ കിഴക്കന്‍മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ പട്ടികയില്‍ ഈ സ്കൂളും സ്ഥാനം പിടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശൈവ വൈഷ്ണവ സംഘവും സ്കൂളിലെ അധ്യാപകരും ചേര്‍ന്ന് പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി രക്ഷകര്‍ത്താക്കളുമായി സംസാരിച്ചാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകരും ആത്മാര്‍ത്ഥത കാട്ടിയതോടെ സ്കൂളിന്റെ പ്രവര്‍ത്തനവും മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയായി മാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തില്‍താഴെ മാത്രമുണ്ടായിരുന്ന സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സംഘടനയാണ് സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നത്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയിലെ യുവജനങ്ങള്‍ സജീവ സാന്നിധ്യമാണ്. ഇതിനിടെയിലാണ് അധ്യാപകില്ലാത്തതുമൂലം സ്കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റിയത്. അധ്യാപരില്ലാതിരുന്നിട്ടും സ്കൂളില്‍ നിന്നും ഒരു കുട്ടിയെ പോലും രക്ഷകര്‍ത്താക്കള്‍ മറ്റ് സ്കൂളുകളിലേക്ക് മാറ്റിയിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. 12ന് മുമ്പ് സ്കൂളില്‍ അധ്യാപകരെ നിയമിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് രക്ഷകര്‍ത്താക്കളും അറിയിച്ചിട്ടുണ്ട്.

Related posts