മട്ടന്നൂര്‍: തലശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയായ മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ കളറോഡ് പാലത്തിലെ ഗര്‍ത്തം അപകടക്കെണിയൊരുക്കുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുളള ഗര്‍ത്തമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളെ ബന്ധിപ്പിക്കുന്ന പാലത്തി ല്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. രണ്ട് മാസം മുമ്പ് അറ്റകുറ്റ പ്രവൃത്തി നടത്തിയ റോഡിലെ ടാറിംഗ് ഇളകിയാണ് ഗര്‍ത്തം രൂപ്പെട്ടത്.
കാലവര്‍ഷം ആരംഭിച്ചതോടെ കുഴിയില്‍ വെളളം നിറഞ്ഞ് കിടക്കുന്നത് ചെറുവാഹനങ്ങള്‍ കുഴിയില്‍ അകപ്പെടാന്‍ കാരണമാകുന്നു. നൂറ് കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലെ ഗര്‍ത്തം വാഹനങ്ങള്‍ പാലത്തില്‍ കയറിയാലാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോഴേക്കും വാഹനം കുഴിയില്‍ വീണിട്ടുണ്ടാകും. പാലത്തില്‍ മഴ വെളളം കെട്ടിക്കിടക്കുന്നത് കാരണം കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
പാലത്തിന് സമീപത്തെ മുസ്‌ലിം പളളിയിലേക്കും മറ്റും പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവരും ദുരിതത്തിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട കുഴികള്‍ അടച്ച് അറ്റകുറ്റ പ്രവൃത്തി നടത്താന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി സ്വകാര്യ ബസിന് പിന്നില്‍ ഓട്ടോയിടിച്ചാണ് അവസാനത്തെ അപകടം.