ആര്‍ഭാട വിവാഹങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തണമെന്ന് സ്പീക്കര്‍

ktm-speekerകാഞ്ഞിരപ്പള്ളി: വിവാഹത്തിന്റെ പേരില്‍ നടത്തുന്ന അധിക ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നു കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിവാഹധൂര്‍ത്തിനായി അധികം ചെലവഴിക്കുന്ന തുകയ്ക്കു നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. നികുതിയിനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ചു നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ് നടപ്പാക്കുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ- കനിവ് 2016ന്റെ- ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍. അനാവശ്യമായ ഉപഭോഗം മൂലം കേരളത്തിലെ ജനങ്ങള്‍ കടക്കെണിയില്‍ വീണു കൊണ്ടിരിക്കുകയാണ്. ആഡംബരം ഒഴിവാക്കി ആ തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കണം. ലയണ്‍സ് ക്ലബ് പോലുള്ള സംഘടനകള്‍ ഇത്തരം കാരുണ്യ പ്രവര്‍ത്തങ്ങളുമായി മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കുന്നുഭാഗം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരായ രോഗികള്‍ക്ക് ലയണ്‍സ് ക്ലബ് ഉച്ചഭക്ഷണം നല്‍കുന്ന കനിവ് 2016 പദ്ധതി, വൃദ്ധജന ക്ഷേമത്തിന് രൂപീകരിച്ച സ്‌നേഹസ്പര്‍ശം, ലോക ദാരദ്ര്യ നിര്‍മാര്‍ജന ദിനത്തില്‍ നടത്തുന്ന വിവിധ ക്ഷേമപദ്ധതികള്‍, അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും നടത്തുന്ന സാന്ത്വന സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനമാണ് സ്പീക്കര്‍ നിര്‍വഹിച്ചത്.

ലയണ്‍സ് ക്ലബ് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഷക്കീല നസീര്‍, അഡ്വ. ജയാ ശ്രീധര്‍, ഗിരീഷ് എസ്. നായര്‍, പി.ജി. ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Related posts