കോട്ടയം: കോളജ് വിദ്യാര്‍ഥി ചമഞ്ഞ് രണ്ടു കിലോഗ്രാം കഞ്ചാവു കടത്തിയതിന് പിടിയിലായ തങ്കമണി കാല്‍വരിമൗണ്ട് ജിത്ത് തോമസ്(23) മുന്‍പ് ബൈക്ക് മോഷണ കേസില്‍ പിടിയിലായതാണെന്ന് എക്സൈസ്. ആറു മാസത്തേക്ക് ശിക്ഷിക്കപ്പെട്ടതാണെന്നും അന്ന് പ്രായം 18 വയസില്‍ താഴെയായതിനാല്‍ ജുവനൈല്ഹോമിലാക്കിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പെട്രോള്‍ ടാങ്കര്‍ ലോറിയില്‍ സഹായിയായ പോകാന്‍ തുടങ്ങിയോതോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. കുമരകത്ത് കഴിഞ്ഞ മാസം ഒരു റിസോര്‍ട്ടില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ഇയാള്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചു.
പ്രതിയുടെ കൈവശത്തു നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ രണ്ടു സിംകാര്ഡുകളുണ്ട്. ഇത് കഞ്ചാവ് കൊടുത്തുവിട്ട സംഘത്തിന്റെതാണ്. കഞ്ചാവ് എല്പിച്ച് തിരികെ എത്തുമ്പോള്‍ സിംകാര്‍ഡും തിരികെ വാങ്ങും. ഇതാണ് ഇടപാട്. സിം കാര്‍ഡിലെ നമ്പരുകള്‍ വച്ച് കഞ്ചാവ് നല്കിയ ആളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് എക്സൈസ്. സ്കൂള്‍ ബാഗുമായി ശനിയാഴ്്ച 2.45ന് കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ബാഗില്‍ രണ്ടു കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു. കട്ടപ്പനയില്‍ നിന്നും കഞ്ചാവുമായി ജിത്ത് തോമസ് ബസ് മാര്‍ഗം കുമരകത്ത് എത്തി. ചേര്‍ത്തലയിലുള്ള ക്വട്ടേഷന്‍ സംഘത്തിനു കഞ്ചാവ് നല്‍കാനാണ് എത്തിയത്. എന്നാല്‍ അന്ന് കുമരകം മേഖലയില്‍ പോലീസ് പരിശോധനയുള്ളതിനാല്‍ വാങ്ങാനുള്ളവര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ജിത്ത് തിരിച്ചുപോയി. കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ എക്സൈസ് സിഐ ആര്.ജയചന്ദ്രനും സംഘവും സംശയം തോന്നി ജിത്തിനെ പിടികൂടുകയായിരുന്നു.
സ്കൂള്‍ ബാഗിനുള്ളില്‍ പൊതിഞ്ഞു പുസ്തകങ്ങള്‍ എന്ന വ്യാജേനയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കട്ടപ്പനയിലുള്ള ടോമി എന്നയാളാണ് കഞ്ചാവ് കൊടുത്തയച്ചതെന്ന് ഇയാള്‍ പറഞ്ഞു. ടോമിക്ക് ആന്ധ്രയില്‍ കഞ്ചാവ് തോട്ടമുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നു. റിമാന്‍ഡിലായ പ്രതിയെ അടുത്ത ആഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനും ആലോചനയുണ്ട്.