കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന പോലീസ് നിലപാട് സക്കീര്‍ ഹുസൈനെ സഹായിക്കാനാണെന്ന ആരോപണമുയരുന്നു. കോടതിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും സക്കീറിനു ജാമ്യത്തിന് അര്‍ഹതയുണ്ട്. കസ്റ്റഡി വേണ്ട എന്ന നിലപാട് പോലീസ് തുടരുകയാണെങ്കില്‍ സക്കീര്‍ ഹുസൈന് ജാമ്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ സക്കീറിനു ജാമ്യം ലഭിക്കുന്നതിനുള്ള പഴുതുണ്ടാക്കുകയാണ് പോലീസ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
സക്കീര്‍ ഹുസൈനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത പോലീസ് നടപടി ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ക്രിമിനല്‍ കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്തശേഷം മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കുമ്പോള്‍ കൂടുതല്‍ തെളിവെടുക്കാനും ചോദ്യം ചെയ്യാനും കസ്റ്റഡിയില്‍ ആവശ്യപ്പെടാറുള്ള നടപടിയാണ് സക്കീര്‍ ഹുസൈന്റെ കാര്യത്തില്‍ പോലീസ് ചെയ്യാതിരുന്നത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പിള്ളി സിദ്ദിഖും കോതാടത്ത് ഫൈസലും ചേര്‍ന്നു തട്ടിക്കൊണ്ടുപോയി കളമശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചുവെന്നും സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ജൂബ് പൗലോസിന്റെ പരാതി. ഈ സാഹചര്യത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയപ്പെടുന്ന കളമശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതാണെന്നിരിക്കെയാണ് കസ്റ്റഡിയില്‍ വാങ്ങിയുള്ള തെളിവെടുപ്പുവേണ്ടെന്ന പോലീസ് നിലപാട്. സാധാരണ കേസുകളില്‍ പോലും പോലീസ് ഈ നടപടി സ്വീകരിക്കാറുള്ളതാണ്. എന്നാല്‍, ഈ കേസില്‍ കസ്റ്റഡി ആവശ്യമില്ലെന്നാണ് പോലീസിന്റെ നിലപാട്.
സക്കീര്‍ കേസില്‍ ഊരാക്കുടുക്കിലായ സിപിഎമ്മിനെ രക്ഷിക്കാന്‍ പോലീസ് നേരത്തെ തന്നെ തയാറാക്കിയിട്ടുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നിലപാടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആദ്യ റിമാന്‍ഡ് കാലാവധിയില്‍ മാത്രമേ അന്വേഷണ സംഘത്തിന് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുകയുള്ളു. എന്നാല്‍, സക്കീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഈ കേസിലില്ലെന്ന പോലീസ് ഭാഷ്യം കാര്യങ്ങള്‍ സക്കീറിന് അനുകൂലമായി നീക്കുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണമുയര്‍ന്നുകഴിഞ്ഞു.
സക്കീര്‍ ഹുസൈനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പോലീസ് കസ്റ്റഡിക്കായി അപേക്ഷിച്ചിരുന്നില്ല. 20 ദിവസം ഒളിവില്‍ കഴിഞ്ഞ പ്രതിയെ എന്തുകൊണ്ട് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പോലീസിന് കഴിയുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും പ്രതിയുമായി തെളിവെടുപ്പ് നടത്താനുള്ള സാധ്യത കേസിലില്ലെന്നുമാണ് ഇതിനു പോലീസ് നല്‍കുന്ന മറുപടി. ആദ്യ റിമാന്‍ഡ് കാലാവധി കഴിഞ്ഞും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതികളെ ജയിലിനുള്ളില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. എന്നാല്‍ ആദ്യ റിമാന്‍ഡ് കാലാവധിക്കുള്ളില്‍ ജാമ്യം ലഭിക്കുന്ന പ്രതികളെ പിന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് നിയമപരമായി കഴിയില്ല.