ത്രിമാന വിസ്മയം! നൂറിലധികം ചുവര്‍ചിത്രങ്ങള്‍ ത്രിമാന മാതൃകയില്‍ വരച്ച ഇറാനി ചിത്രകാരന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Iranian

വിസ്മയങ്ങള്‍ സൃഷ്ടിച്ച ഇറാനി ചിത്രകാരനാണ് മെഹ്ദി ഗഡ്യാന്‍ലൂ. നൂറിലധികം ചുവര്‍ചിത്രങ്ങള്‍ ത്രിമാന മാതൃകയില്‍ വരച്ച ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയം. റോസ് കെന്നഡി ഗ്രീന്‍വേയുടെ ചുവരില്‍ വരച്ച ചിത്രത്തിന് സ്‌പേസസ് ഓഫ് ഹോപ്പ്’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

ചുവന്ന ഹീലിയം ബലൂണുകള്‍ കൈയില്‍ പിടിച്ച് പടികള്‍ കയറുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട് മെഹ്ദിയുടെ ചിത്രത്തില്‍. ഇവര്‍ സ്‌പൈറല്‍ ആകൃതിയിലുള്ള പടിക്കെട്ടുകള്‍ കയറി ചെല്ലുന്നത് തുറന്ന മേല്‍ക്കൂരയുള്ളിടത്തേക്കാണ്. അവിടെ നീലാകാശത്തേക്ക് പറന്നുയരുന്ന വലിയ ബലൂണുണ്ട്. ഏറ്റവും മുകളില്‍ നില്‍ക്കുന്ന രണ്ടു പേര്‍ ആശ്ചര്യത്താല്‍ തലയുയര്‍ത്തി പിടിക്കുന്നതായും ചിത്രത്തില്‍ കാണാം.

ബോസ്റ്റണിലെ തിരക്കേറിയ വീഥിയില്‍ ആയിരങ്ങളാണ് ഈ ചിത്രം ആസ്വദിച്ചത്. ശുഭാപ്തി വിശ്വാസത്തിന്റെ ഏറ്റവും വലിയ ആവിഷ്കാരമാണിതെന്നാണ് ചിത്രകാരനായ മെഹ്ദി ഗഡ്യാന്‍ലൂ പറയുന്നത്. അനുനിമിഷം ധാരാളം ദുരന്തവാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്ന ഈ ലോകത്ത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

76 അടി വീതിയും 70 അടി വലിപ്പവുമുള്ള ചിത്രം ഒരു മാസത്തിനുള്ളിലാണ് മെഹ്ദി പൂര്‍ത്തിയാക്കിയത്. 2004ല്‍ കലയില്‍ പഠനം പൂര്‍ത്തിയാക്കിയ മെഹ്ദി നൂറോളം ചുവര്‍ചിത്രങ്ങളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ വരച്ചത്.
റോസ് കെന്നഡി ഗ്രീന്‍വേയില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചുവര്‍ച്ചിത്രമാണ് മെഹ്ദിയുടെ സ്‌പേസസ് ഓഫ് ഹോപ്പ്. അമേരിക്ക-ഇറാന്‍ ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ തന്റെ ചിത്രത്തിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍.

Related posts