കാട്ടാക്കടയില്‍ കള്ളന്മാര്‍ക്ക് സുഖവാസം

TVM-KALLANകാട്ടാക്കട:  കാട്ടാക്കട പോലീസ് സ്‌റ്റേഷന്റെ മൂക്കിനു താഴെ നടന്ന മോഷണത്തിന്റെ ഞെട്ടലില്‍ കാട്ടാക്കട പോലീസ്. ഈ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദ്യശ്യങ്ങള്‍ സഹായിക്കുമെന്ന് കരുതി തങ്ങളുടെ മാനം രക്ഷിക്കാമെന്ന് കണക്കുകൂട്ടി കഴിയുകയാണ് കാട്ടാക്കട പോലീസ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കവര്‍ച്ചക്കാര്‍ കറങ്ങി നടക്കുകയാണ് കാട്ടാക്കടയില്‍. ഏറ്റവും ഒടുവില്‍ മഹാലക്ഷ്മി ഏജന്‍സിയിലാണു കവര്‍ച്ച നടന്നത്.  കടയുടെ സമീപ പുരയിടത്തിലൂടെ പ്രവേശിച്ച കള്ളന്‍ കെട്ടിട ത്തിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചത്. കംപ്യൂട്ടര്‍ മുറിയില്‍ ഇരുന്ന അലമാര പൊളിച്ചു എണ്‍പത്തി നായിരത്തോളം രൂപ കവര്‍ന്നു.  അകത്തെ മുറികളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചു വാരിയിട്ട് ബാഗുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ കാമറയില്‍ പതിഞ്ഞ  മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നാഴ്ചയ്ക്കിടെ നാലു മോഷണം, അഞ്ചിടത്തു മോഷണ ശ്രമം. രണ്ടു വീട്ടിലും ഒരു കടയിലും കവര്‍ച്ച നടന്നത് അടുത്തടുത്ത ദിവസങ്ങളില്‍. കള്ളന്‍ വിലസുമ്പോള്‍ പോലീസാകട്ടെ എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുന്നു. കഴിഞ്ഞ 11 നാണു കിള്ളി പുതുവയ്ക്ക ലില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് 27 പവനും 5000 രൂപയും കവര്‍ന്നത്. തെളിവെടുപ്പും ഡോഗ് സ്ക്വാ ഡും അന്വേഷണവുമൊക്കെ കാര്യമായി നടക്കുന്നു. പക്ഷേ പ്രതി ഇപ്പോഴും കുടുങ്ങിയിട്ടില്ല. ദിവസ ങ്ങള്‍ക്കുശേഷം ചാരുപാറ, തെക്കേവീട് ലെയിന്‍ എന്നിവിടങ്ങളില്‍ അഞ്ചു വീടുകളില്‍ കവര്‍ച്ചാശ്രമം അരങ്ങേറി.

കള്ളന്‍ വീട്ടില്‍ കയറിയില്ലല്ലോയെന്ന് ആശ്വസിക്കുകയാണു പോലീസ്. ശനിയാഴ്ച ബന്ധുവീട്ടില്‍ പോയി ഞായര്‍ രാവിലെ മടങ്ങി വന്നപ്പോഴാണു മൊളിയൂര്‍ ഹരിശങ്കരം വീട്ടില്‍ കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഇവിടെനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പാദസരവുമൊക്കെ നഷ്ടമായി. ഇതിന്റെ ചൂടാറുംമുമ്പു തിങ്കളാഴ്ച പട്ടാപ്പകല്‍ അഞ്ചുതെങ്ങിന്‍മൂട്ടില്‍ വീടു കുത്തിത്തുറന്നു പണവും ഐ പാഡും കവര്‍ന്നു.  ഇതോടെ പോലീസ് കടുത്ത ആശങ്കയിലായി. കള്ളനെ കുടുക്കാന്‍ പതിനെട്ടടവും പയറ്റി റോന്തു ചുറ്റലും ഷാഡോ ടീമിനെക്കൊണ്ട് അരിച്ചു പെറുക്കലും നടക്കുമ്പോഴാണ് പോലീസ് സ്‌റ്റേഷനു നൂറു മീറ്റര്‍ ചുറ്റളവില്‍ തിങ്കള്‍ രാത്രി വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടന്നിരിക്കുന്നത്.

ശാസ്ത്രീയ തെളിവെടുപ്പും ഡോഗ് സ്ക്വാഡിന്റെ തെളിവെടുപ്പും പൊലീസിന്റെ മൊഴിയെടു പ്പിനു മൊന്നും കുറവില്ല. എവിടെയോ പോലീസിന്റെ അന്വേഷണ സംവിധാനം പിഴയ്ക്കുന്നു.അതോ പൊലീ സിനെ വട്ടം ചുറ്റിച്ചു കാട്ടാക്കടയില്‍ മാത്രം തുടര്‍ച്ചയായി കവര്‍ച്ച നടത്തി പേരെടുക്കാനുള്ള ഏതോ പഠിച്ച കള്ളന്റെ ശ്രമമോ. ഏതാണെന്നു തിരിച്ചറിയുകയല്ല, മറിച്ചു കവര്‍ച്ചയ്ക്കു ശമനമുണ്ടാവുകയാണു വേണ്ടതെന്നു നാട്ടുകാര്‍ പറയുന്നു. അതിനിടെ സിസിടിവി ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞാല്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Related posts