കാലടി സ്റ്റേഷനിലെത്തുന്ന എസ്‌ഐമാര്‍ക്കു ശനിദശ; രണ്ടുവര്‍ഷത്തിനുള്ളില്‍ വന്നുപോയത് പത്തോളം എസ്‌ഐമാര്‍

policeകാലടി: കാലടി പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശനിദശ. സ്റ്റേഷനില്‍ ആരു വന്നു ചുമതലയേറ്റാലും അധിക കാലം നില്‍ക്കാറില്ല എന്നതാണു സത്യം. സ്റ്റേഷന്‍ പരിധിയിലെ കേസുകള്‍ പഠിച്ച് അന്വേഷണം ആരംഭിക്കുമ്പോഴേക്കും എസ്‌ഐയെ സ്ഥലം മാറ്റുന്ന പ്രവണതയാണു കണ്ടു വരുന്നത്.  രണ്ടു വര്‍ഷത്തിനുളളില്‍ കാലടിയില്‍ പത്തോളം പേര്‍ മാറി വന്നു. അവസാനമായി സ്റ്റേഷനില്‍ എസ്‌ഐയായി ചുമതലയേറ്റിരിക്കുന്നത് എന്‍.എ.അനൂപാണ്. നിലവിലെ എസ്‌ഐയായിരുന്ന നോബിള്‍ മാനുവലിനെ മൂവാറ്റുപുഴ ട്രാഫിക്കിലേക്കു മാറ്റിയാണു പകരം അനൂപിനെ നിയമിച്ചിരിക്കുന്നത്.

ചുമതലയേറ്റു മൂന്നു മാസത്തിനുളളില്‍ കാലടി സനല്‍ കൊലപാതകം, മഞ്ഞപ്രയിലെ ഗുണ്ടകളുടെ വടിവാള്‍ആക്രമണം തുടങ്ങിയ കേസുകളില്‍ ഊര്‍ജ്ജിതമായ  അന്വേഷണത്തിന് നേതൃത്വം നല്കിയാളാണ് എസ്.ഐ.നോബിള്‍ മാനുവല്‍. സ്വയം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് നോബിളിനെ സ്ഥലം മാറ്റിയതെന്ന് റൂറല്‍പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ പറയുമ്പോഴും രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ ഉണ്ടാകുന്ന സ്ഥലമാറ്റമാണ് ഇതിനു പിന്നിലെന്നാണ് അറിയുന്നത്.

കാലടി കൊലപാതക കേസിലെ രണ്ടു പേര്‍ ഒഴികെ മുഴുവന്‍ പേരെയും പിടികൂടി റിമാന്‍ഡിലേക്കയച്ചതിനു പിന്നാലെയാണ് എസ്‌ഐയെ സ്ഥലം മാറ്റിയത്. കാലടി സനല്‍ കൊലപാതകം, മഞ്ഞപ്ര വടിവാള്‍ ആക്രമണം എന്നീ പ്രധാന കേസുകളില്‍ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുളളില്‍  മുഖ്യ പ്രതികളെ പിടികൂടാന്‍ സാധിച്ചതു കാലടി പോലീസിനു വലിയ അംഗീകാരമായിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പി സുദര്‍ശനന്‍, കാലടി സിഐ സജി മാര്‍ക്കോസ്, കാലടി എസ്‌ഐ നോബിള്‍ മാനുവല്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടാനായത്. എന്നാല്‍  അന്വേഷണ സംഘത്തിലെ എസ്‌ഐയെ തുടര്‍ന്ന് മാറ്റിയത്, പോലീസുകാര്‍ക്കിടയില്‍ തന്നെ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

നിരവധി ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റേഷനാണ് കാലടി പോലീസ് സ്റ്റേഷന്‍. മഞ്ഞപ്ര, കാലടി, മലയാറ്റൂര്‍, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ശ്രീമൂലനഗരം, തുറവൂര്‍ പഞ്ചായത്തിലെ പകുതി ഭാഗവും ചേര്‍ന്നാണ് കാലടി പോലീസ് സ്റ്റേഷന്‍ പരിധി. ഇതു കൂടാതെ കാലടി, മലയാറ്റൂര്‍, ശ്രീമൂലനഗരം എന്നിവിടങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.

Related posts