കൊട്ടാരക്കര: കൊടുംവേനലും ജലക്ഷാമവും മൂലം ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക നഷ്ടം സംഭവിച്ചു. ഏകദേശം രണ്ട് കോടിയോളം രൂപയുടെ കാര്‍ഷിക നഷ്ടം സംഭവിച്ചതായാണ് കൃഷിവകുപ്പ് തയാറാക്കിയിട്ടുള്ള കണക്കുകള്‍. ഒരാഴ്ചമുമ്പുള്ള കണക്കാണിത്. വരള്‍ച്ച നീണ്ടുപോയാല്‍ നഷ്ടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. വാഴകൃഷിയിലാണ് ഏറ്റവുമധികം തകര്‍ച്ച സംഭവിച്ചിട്ടുള്ളത്. കുലച്ചതും കുലയ്ക്കാത്തതുമായ പതിനായിരക്കണക്കിന് മൂട് വാഴനശിച്ചിട്ടുണ്ട്. നഷ്ടം 25 ലക്ഷത്തിനടുത്തുവരും. മരച്ചീനി, പാവല്‍, പടവലം, പയര്‍, ചേന, കാച്ചില്‍, വഴുതന, വെള്ളരി, മത്തന്‍, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക വിളകള്‍ ജലദൗര്‍ലഭ്യം മൂലം വ്യാപകമായി നശിച്ചിട്ടുണ്ട്.
ഈ കാര്‍ഷികവിളകളിലധികവും ഏലാനിലങ്ങളില്‍ കൃഷിചെയ്തുവരുന്നവയാണ്. തോടുകളും കുളങ്ങളും വരണ്ടുണങ്ങിയതോടെ വിളകള്‍ നനയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലായി കര്‍ഷകര്‍. മിക്ക സ്ഥലങ്ങളിലും വെറ്റില കൊടികളും കരിഞ്ഞുനശിച്ചു. നല്ലരീതിയില്‍ മുതല്‍മുടക്കും അധ്വാനവും വേണ്ടുന്ന കൃഷിയാണിത്. ലക്ഷങ്ങളുടെ നഷ്ടമാണ് കൃഷിനാശത്തിലൂടെ കര്‍ഷകര്‍ക്ക് സംഭവിച്ചത്. വെട്ടുന്നതും വെട്ടാത്തതുമായ റബര്‍ മരങ്ങള്‍ വരള്‍ച്ച നേരിടാനാകാതെ നശിച്ചിട്ടുണ്ട്. ഒന്നും രണ്ടും വര്‍ഷം കഴിഞ്ഞ തൈ റബറുകളാണ് ഏറെയും നശിച്ചിട്ടുള്ളത്.
വെട്ടിക്കൊണ്ടിരിക്കുന്ന റബര്‍മരങ്ങളുടെ പാല്‍ ഉല്‍പ്പാദനം പകുതിയില്‍ താഴെയായിട്ടുണ്ട്. കര്‍ഷകരുടെ ജീവിത സ്വപ്നങ്ങളാണ് വേനലില്‍ കരിഞ്ഞുണങ്ങിയത് .സീസണുകള്‍ അനുസരിച്ച് കൃഷിചെയ്യുന്ന നാമമാത്രകര്‍ഷകരാണ് ജില്ലയില്‍ ഭൂരിപക്ഷവും. കാര്‍ഷിക വായ്പയെടുത്തും പലിശയ്ക്ക് പണമെടുത്തും കൃഷിയിറക്കുന്നവരാണ് അധികവും. വിളവെടുപ്പിനുശേഷം കടംവീട്ടുകയും വീണ്ടും കടമെടുത്ത് കൃഷിയിറക്കുകയും ചെയ്യുന്നവരാണ് അധികവും. ഇപ്പോഴത്തെ കൃഷിനാശംമൂലം ഇവര്‍ക്ക് കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാനും തുടര്‍കൃഷി നടത്താനും കഴിയാത്ത സ്ഥിതിയാണ്. മഴലഭിച്ചാല്‍ പുനര്‍കൃഷിചെയ്യാമെന്നുവച്ചാലും മുടക്കാനുള്ള പണം കര്‍ഷകരിലുണ്ടാവില്ല. വരള്‍ച്ചമൂലമുണ്ടാകുന്ന കടം ജീവിതാവസാനംവരെ നിലനില്‍ക്കുന്ന സ്ഥിതിയിലാണ് ഭൂരിപക്ഷം കര്‍ഷകരും. കര്‍ഷകര്‍ക്ക് ദുരിതാശ്വാസം ലഭിച്ചാലും അത് പ്രയോജനരഹിതമാണ്.
നാമമാത്രമായ തുക ലഭിക്കാന്‍ കാലതാമസവും നൂലാമാലകളും ഏറെയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍വന്നതിനുശേഷം മാത്രമെ അതിനുള്ള നടപടി തുടങ്ങുകയുള്ളു. അപ്പോഴേക്കും ഓണക്കാലം ലക്ഷ്യമിട്ടുള്ള കൃഷിയിറക്ക് നടത്താന്‍ കഴിയാതെവരും. നെല്‍കൃഷി നിലയ്ക്കുകയും കരഭൂമികള്‍ റബറിന് വഴിമാറുകയും ചെയ്തതോടെ കര്‍ഷകര്‍ മറ്റ് കൃഷികള്‍ ചെയ്തത് വയലേലകളിലാണ്. ജലലഭ്യതയായിരുന്നു ഇതിന് പ്രധാന കാരണം. അത് കുറഞ്ഞതോടെ കൃഷികളും വരണ്ടുണങ്ങി. കനാല്‍ജലത്തില്‍ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും അതും തുണയായില്ല. ഉപകനാലുകള്‍ വഴി വല്ലപ്പോഴും മാത്രമാണ് വെള്ളം തുറന്നുവിടുന്നത്.