ക്വിഡ് സിംപിളാണ് ഇപ്പോള്‍ പവര്‍ഫുളും!

KWIDഅജിത് ടോം

അഴകും മികവും സംയോജിപ്പിച്ചാണ് റെനോയുടെ ഓരോ മോഡലും നിരത്തിലിറങ്ങിയത്. ഇത് സാധൂകരിക്കുംവിധമാണ് റെനോയുടെ വിപണിയിലെ കുതിപ്പ്. കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ റെനോയുടെ എല്ലാ മോഡലും ജനപ്രിയമായി മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടതാണ്. റെനോയുടെ മുഖമായി ഡസ്റ്റര്‍ വിലസുന്ന സമയത്താണ് 800 സിസിയില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ക്വിഡിന്റെ രംഗപ്രവേശം. ഇന്ന് റെനോയുടെ സാന്നിധ്യം ശക്തമാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് ക്വിഡും വഹിക്കുന്നത്. കുറഞ്ഞ പവര്‍ ആയിരുന്നു ക്വിഡിനെതിരേ ഉയര്‍ന്ന ഏക ആക്ഷേപം. ഇതിനുള്ള മറുപടിയായാണ് ക്വിഡിന്റെ രണ്ടാം വരവ്. മത്സരം കടുക്കുമ്പോള്‍ എതിരാളികളെ മറികടക്കാനയി ചെറിയ പൊടിക്കൈകള്‍ എല്ലാ മത്സരത്തിലും പതിവുള്ളതാണ്. ഇതേ തന്ത്രമാണ് എതിരാളികളെ മറികടക്കാന്‍ റെനോ ക്വിഡും പയറ്റിയിരിക്കുന്നത്. കരുത്തുറ്റ ബോഡി 800 സിസിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന തിരിച്ചറിവ് 1.0 ലിറ്റര്‍ എന്‍ജിനില്‍ 1000 സിസി പവറോടെ പുറത്തിറക്കാന്‍ റെനോയെ പ്രേരിപ്പിച്ചിരിക്കുന്നു.

സൗന്ദര്യത്തിനു മാറ്റു കൂട്ടിയും കരുത്ത് ഉയര്‍ത്തിയുമാണ് ക്വിഡിന്റെ രണ്ടാം വരവ്. താരതമ്യേന ഉയരം കൂടിയ കാറായതിനാല്‍തന്നെ എസ്‌യുവി മുഖഭാവത്തോടെയാണ് ക്വിഡ് പുറത്തിറങ്ങുന്നത്. തലയെടുപ്പിനു മാറ്റു കൂട്ടുന്ന മുന്‍ഭാഗമാണ് ക്വിഡിലുള്ളത്. വലിയ ഹെഡ്‌ലാമ്പും ഹണികോമ്പ് ഗ്രില്ലിന്റെ മധ്യത്തിലെ ഡൈമണ്ട് ആകൃതിയിലുള്ള ലോഗോയും ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.

കരുത്തിനൊപ്പം പുറമെ വരുത്തിയ മാറ്റങ്ങള്‍ പ്രകടമാകുന്നത് വശങ്ങളിലാണ്. ബോഡി കളറില്‍നിന്നു മാറി ബ്ലാക്ക് ഫിനീഷിംഗ് നല്കിയിരിക്കുന്ന വീല്‍ ആര്‍ച്ചും അതിലെ വളരെ ചെറിയ ഇന്‍ഡിക്കേറ്ററുകളും പുതുമയാണ്. റിയര്‍ വ്യു മിററില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. സാധാരണ മിററില്‍നിന്നു മാറി ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളുടെ ഫിനീഷിംഗാണ് മിററില്‍ നല്കിയിരിക്കുന്നത്. ഏറെ ആകര്‍ഷണീയമായ പുതുമ ഡോറിന്റെ വശങ്ങളിലാണ്. ഗ്രാഫിക് ഡിസൈനിംഗും അതില്‍ 1.0 എന്ന് ആലേഖനം ചെയ്തിരിക്കുന്നതും ക്വിഡിന് സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. ഇവയാണ് ക്വിഡിന്റെ രണ്ടാം വരവിലെ പ്രകടമായ മാറ്റങ്ങള്‍.

ടയറിന്റെ കാര്യത്തില്‍പോലും എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ക്വിഡ് ശ്രമിച്ചിട്ടുണ്ട്. ഈ ശ്രേണിയില്‍ വരുന്ന മറ്റു കാറുകള്‍ 12 എംഎം വീലുകളാണ്. എന്നാല്‍, ക്വിഡിന് 13 എംഎം വീലുകളാണ് നല്കിയിരിക്കുന്നത്.

പിന്‍ഭാഗത്ത് മാറ്റങ്ങള്‍ ഒന്നുംതന്നെ വരുത്തിയിട്ടില്ല. ചെറുതും ആകര്‍ഷകവുമായ ടെയ്ല്‍ ലാമ്പും മനോഹരമായ ബാക്ക് സ്‌പോയിലറും ബമ്പറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് പ്ലാസ്റ്റിക് ഫിനീഷിംഗ് എന്നിവയെല്ലാം കൂടിയാണ് പിന്നഴകു കൂട്ടുന്നത്.

ക്വിഡിന്റെ പ്രധാന എതിരാളികളായ മാരുതി ആള്‍ട്ടോ 800, ഹ്യൂണ്ടായി ഇയോണ്‍, ഡാറ്റ്‌സണ്‍ റെഡി ഗോ എന്നീ മോഡലുകളേക്കാള്‍ അല്പം വലിയ കാര്‍ എന്ന ഖ്യാതി ക്വിഡിനുണ്ട്. 3679 എംഎം നീളവും 1579 എംഎം വീതിയും 1478 എംഎം ഉയരത്തിനുമൊപ്പം 180 എംഎം എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ക്വിഡിന് എതിരാളികളുടെമേല്‍ ആധിപത്യം നല്കുന്നു.

കുറഞ്ഞ വിലയില്‍ കാര്‍ എന്ന കേള്‍ക്കുമ്പോള്‍ താഴ്ന്ന സൗകര്യങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറിനു സമാനമായ സൗകര്യങ്ങളാണ് ക്വിഡില്‍ നല്കിയിരിക്കുന്നത്.

ചെറിയ കാറിനുള്ളിലെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. പിയാനോ ബ്ലാക്ക് തീം നല്കിയിരിക്കുന്ന സെന്റര്‍ കണ്‍സോളില്‍ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ക്വിഡിലുള്ളതത്. യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍, റോഡ് മാപ്പ് എന്നിവ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സവിശേഷതകളാണ്.

സിസ്റ്റത്തിന്റെ താഴെയായി ചിട്ടയോടെയാണ് എസി കണ്‍ട്രോളിംഗ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. തികച്ചും പുതുമ നല്കുന്ന മറ്റൊരു ഘടകം പവര്‍ വിന്‍ഡോ സ്വിച്ചുകളാണ്. സെന്റര്‍ കണ്‍സോളിന്റെ താഴ് ഭാഗത്തായാണ് ഈ സ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഡ്രൈവറിന്റെ സൗകര്യം ഉറപ്പാക്കുന്നതിനായി ചെറിയ സ്റ്റിയറിംഗ് വീലാണ് ക്വിഡില്‍ നല്കിയിരിക്കുന്നത്. കൂടാതെ മീറ്റര്‍ കണ്‍സോളിലും മിതത്വം പാലിക്കാന്‍ ക്വിഡിനായിട്ടുണ്ട്. ഫ്യൂവല്‍, സ്പീഡ് എന്നിവ കാണിക്കുന്ന രണ്ട് ഡിജിറ്റല്‍ മീറ്ററാണ് ഇതിലുള്ളത്. സ്പീഡ്, ദൂരം, മൈലേജ്, തുടങ്ങിയ വിവരങ്ങളും മീറ്ററില്‍ തെളിയുന്നു.

ആഡംബര കാറുകളോടു കിടപിടിക്കുന്ന ട്രിപ്പിള്‍ ടോണ്‍ സീറ്റുകളാണ് ക്വിഡിലുള്ളത്. റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ കളറുകളുപയോഗിച്ചാണ് സീറ്റുകള്‍ക്ക് സൗന്ദര്യം നല്കിയിരിക്കുന്നത്. ഇതിനു പുറമേ മറ്റ് ഹാച്ച്ബാക്ക് മോഡലുകളേക്കാള്‍ ഉയര്‍ന്നതും വലുപ്പമേറിയതുമായ സീറ്റുകളാണ് ക്വിഡിന്റേത്. വിശാലമായ ലെഗ്‌സ്‌പേസും നല്കുന്നുണ്ട്. പിന്നിലെ പ്ലാറ്റ്‌ഫോം പൂര്‍ണമായും ഫ്‌ളാറ്റ് ആയതിനാല്‍ മൂന്നു പേര്‍ക്ക് വിശാലമായി ഇരിക്കാന്‍ സാധിക്കും. ഇവയ്‌ക്കെല്ലാം പുറമേ കോംപാക്ട് എസ്‌യുവികള്‍ക്ക് സമാനമായ 300 ലിറ്റര്‍ എന്ന ഉയര്‍ന്ന ബൂട്ട് സ്‌പേസ് ആണ് ക്വിഡിന്റെ പ്രധാന സവിശേഷത.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് ക്വിഡ് തയാറായിട്ടില്ല. ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗും കൂടാതെ അപകടസാധ്യത കുറയ്ക്കുന്ന പ്രോ സെന്‍സിംഗ് സീറ്റ് ബെല്‍റ്റും പുതിയ ക്വിഡിന്റെ സവിശേഷതയാണ്.

800 സിസിയില്‍നിന്ന് 1000 സിസിയിലേക്ക് ഉയര്‍ന്നപ്പോള്‍ പവറിലും കാര്യമായ വര്‍ധന വരുത്തിയിട്ടുണ്ട്. 800 സിസിയില്‍ 72 എന്‍എം ടോര്‍ക്കില്‍ 54 പിഎസ് പവര്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് പുതിയ ക്വിഡില്‍ 91 എന്‍എം ടോര്‍ക്കില്‍ 68 പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നത്. സിലിണ്ടറുകളുടെ എണ്ണം നിലനിര്‍ത്തിയതിനാല്‍ പവര്‍ കൂടിയിട്ടും മൈലേജില്‍ കാര്യമായ കുറവു സംഭവിക്കാനിടയില്ല.

1000 സിസിയിലും 25.17 കിലോമീറ്റര്‍ മൈലേജാണ് ക്വിഡിന് കമ്പനി ഉറപ്പ് നല്കുന്നത്.

ആര്‍എക്‌സ്ടി, ആര്‍എക്‌സ്ടി ഓപ്ഷണല്‍ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് 1.0 ലിറ്റര്‍ ക്വിഡ് പുറത്തിറങ്ങുന്നത് 4.51 മുതല്‍ 4.69 ലക്ഷം രൂപ വരെയാണ് ക്വിഡിന്റെ കോട്ടയത്തെ ഓണ്‍ റോഡ് വില.

ടെസ്റ്റ് ഡ്രൈവ്- റെനോ കോട്ടയം. ഫോണ്‍: 9061059805

Related posts