കടുത്തുരുത്തി: ദുബായിയില്‍ ജോലി വാഗ്ദാനം ചെയ്തു യുവാക്കളില്‍ നിന്നും 28 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി. തമിഴ്‌നാട് സ്വദേശിയായ മുഹമ്മദ് എച്ച് മാസ് (27), ഇയാളുടെ ഭാര്യ മാന്‍വെട്ടം സ്വദേശി ലീനു (27) എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്നു പരാതിയില്‍ പറയുന്നു. തമിഴ്‌നാട് സ്വദേശികളായ ധര്‍മ്മപുരി ജില്ലയിലെ വി.വടിവേല്‍ (28), രവികുമാര്‍ (26), മാരിമുത്തുവിന്റെ മകന്‍ മഞ്ചുനാഥ് (26), ഗോപി(27), ശ്രീധര്‍ (27), വേളൂര്‍ ജില്ലയിലെ ബാലചന്ദ്രന്‍ (26), പട്ടിത്താനം ചെമ്പാനിക്കല്‍ സിബിന്‍ റ്റി. വര്‍ഗീസ് (23), ആപ്പാഞ്ചിറ സ്വദേശി ബാലുമോന്‍ (30) എന്നിവരുടെ 1,80,000 രൂപാ വീതം ദമ്പതികള്‍ തട്ടിയെടുത്തുവെന്നാണ് ജില്ലാ പോലീസ് മേധാവിക്ക് പണം നഷ്ടപെട്ടവര്‍ പരാതി നല്‍കിയത്.
പട്ടിത്താനം സ്വദേശി സിബിന്റെ 2,80,000 രൂപയ്ക്കു പുരണെ ഏഴ് പവന്‍ സ്വര്‍ണാഭരണവും എസ്എസ്എല്‍സിയുടേയും പ്ലസ്ടുവിന്റെയും മറൈന്‍ മെക്കാനിക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും ഇരുവരുടെയും കൈയ്യിലാണെന്നും പരാതിയില്‍ പറയുന്നു. ദുബായില്‍ എണ്ണ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി വാങ്ങി നല്‍കാമെന്ന പറഞ്ഞാണ് സിബിന്റെ കൈയ്യില്‍ നിന്നും പണം തട്ടിയത്. തുടര്‍ന്ന് 2014 ഡിസംബറോടെ സിബിനെ വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് അയച്ചു. ഒന്നരമാസത്തോളം മുഹമ്മദിന്റെ സുഹൃത്ത് ഷിജുവിന്റെ മുറിയിലായിരുന്നു ജോലിയും കൂലിയുമൊന്നുമില്ലാതെ സിബിന്‍ താമസിച്ചത്.
സിബിന് ദുബായില്‍ ജോലി ലഭിച്ചുവെന്ന് പറഞ്ഞാണ് സിബിന്റെ സുഹൃത്തുക്കളായ ശ്രീജിത്ത്, സിയാദ് എന്നിവരില്‍ നിന്നും 1,80,000 രൂപ വീതം ദമ്പതികള്‍ വാങ്ങിയെന്നും ഇവര്‍ പറയുന്നു. ദുബായിയില്‍ നിന്നും മടങ്ങിവന്ന സിബിനോട് ദുബായിലേക്ക് പോകാന്‍ വീണ്ടും വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ചു ലീനുവും മുഹമ്മദും ഇയാളെ കോയമ്പത്തൂരിലെ ഉക്കടത്ത് താമസിപ്പിച്ചു. ലീനുവും മുഹമ്മദും കോയമ്പത്തൂരില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു റസ്റ്റോറന്റ് തുടങ്ങുന്നതിനുളള പദ്ധതിയിലായിരുന്നു.
ഇതേ ഹോട്ടലില്‍ മാനേജരായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചു സിബിനെ പിന്നീട് കൂടെ നിര്‍ത്തുകയായിരുന്നു. റസ്റ്റോറന്റ് തുടങ്ങുകയും ഉദ്ഘാടനത്തിനുശേഷം ഒരു മാസത്തിനുളളില്‍തന്നെ ഇതു പൂട്ടുകയും മുഹമ്മദ് മാസ് ദുബായിലേക്ക് പോകുകയും ചെയ്തു. മുഹമ്മദ് പോയി രണ്ടാഴ്ച്ചയ്ക്കു ശേഷം ലീനുവും ദുബായിലേക്ക് പോയി. രണ്ടാഴ്ച്ചയ്ക്കുശേഷം ലീനു കോയമ്പത്തൂരിലെത്തി ബില്‍ഡിംഗിന് സെക്യൂരിറ്റി നല്‍കിയ പണം തിരികെ വാങ്ങുകയും സിബിന് ഡ്യൂപ്ലിക്കേറ്റ് വിസ നല്‍കുകയും ചെയ്തു.
ഡ്യൂപ്ലിക്കേറ്റ് വിസയാണെന്ന് മനസിലാക്കിയ സിബിന്‍ ലീനുവിനെ ചോദ്യം ചെയ്തു. ഇതേ സമയത്ത് വടിവേലുവും സുഹൃത്തുക്കളും കോയമ്പത്തൂരിലെത്തുകയും ഹോട്ടലിന്റെ ഹാളില്‍ താമസിപ്പിച്ചിരുന്ന ലീനുവിനെ രാവിലെ പോലീസിനെ ഏല്‍പിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും യുവാക്കള്‍ ഉറങ്ങിയ സമയത്ത് ലീനു രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലും വിസ തട്ടിപ്പുമായി ബന്ധപ്പെട്ടു ഇവരുടെ പേരില്‍ കേസ് ഉണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു.