ആലപ്പുഴ: ടേണിനെ ചൊല്ലി ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബിഎംഎസ് യൂണിയന് കണ്‍വീനര്‍ അജേഷ്, രാജേഷ്, സിഐടിയു യൂണിയന് പ്രവര്‍ത്തകനായ സത്യന് എന്നിവര്‍ക്കും മൂന്ന് എസ്ഡിടിയു തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
വിവരമറിഞ്ഞ് സൗത്ത് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ദീര്‍ഘദൂര സവാരി പോകുന്നതുമായി ബന്ധപ്പെട്ട് ടേണ്‍ സംബന്ധിച്ച തര്‍ക്കം എസ്ഡിടിയു പ്രവര്‍ത്തകരും മറ്റു യൂണിയന് പ്രവര്‍ത്തരുമായി നിലനിന്നിരുന്നു. നേരത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലും സമാനമായ തര്‍ക്കമുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് തൊഴിലാളി യൂണിയന് പ്രവര്‍ത്തര്‍ തമ്മില്‍ നിരന്തര വാക്കേറ്റവും സംഘര്‍ഷ സാധ്യതയും ഉടലെടുത്തതോടെ ആര്‍ടിഒ, ആലപ്പുഴ ഡിവൈഎസ്പി, സൗത്ത് സിഐ എന്നിവര്‍ യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ഒരാഴ്ച പാലിക്കപ്പെട്ടെങ്കിലും ഒരു തൊഴിലാളി യൂണിയന് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയതാണ് വീണ്ടും തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.