പത്തനംതിട്ട: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നാളെ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന് പത്തനംതിട്ട ജില്ലയിലെ ഐഎംഎ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഐഎംഎ പത്തനംതിട്ട ബ്രാഞ്ചിലെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്പണിമുടക്ക്. സര്‍ക്കാര്‍ ആശുപത്രികളിലടക്കം പണിമുടക്ക് ഉണ്ടാകും. കോവിഡ് ചികില്‍സ, അത്യാഹിത വിഭാഗം, ഐസിയു, ഡയലാസിസ്, ലേബര്‍ റൂം സേവനങ്ങള്‍ തടസപ്പെടില്ല.
മെഡിക്കല്‍കോളേജ് അധ്യാപകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് മിക്സോപ്പതി ചികിത്സാരീതിയാണ് രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് ഐഎംഎ കുറ്റപ്പെടുത്തി.
ആയുര്‍വേദ ഡോക്ടര്‍മാര്‍ മതിയായ പരിശീലനത്തോടു കൂടി ശസ്ത്രക്രിയ നടത്തുന്നതിനോടു തങ്ങള്‍ക്ക് എതിര്‍പ്പില്ല. നിലവില്‍ പറഞ്ഞിരിക്കുന്ന ഹൃസ്വകാല പരിശീലനത്തിനുശേഷം ശസ്ത്രക്രിയ നടത്തുകയെന്നത് വൈദ്യശാസ്ത്രത്തോടുള്ള വെല്ലുവിളിയാണ്.
അടിയന്തരഘട്ടങ്ങളില്‍ എന്തുചെയ്യുമെന്നു പോലും ഇതില്‍ വ്യക്തമല്ല. പുതിയ നീക്കത്തിനെതിരെ നിയമനടപടിയുമായി ഐഎംഎ മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്തനംതിട്ട ബ്രാഞ്ച് പ്രസിഡന്റ്് ഡോ. തോമസ് മാത്യു, സെക്രട്ടറി ഡോ. ജിറ്റു വി. തോമസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ.ജോസ് ഏബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പെങ്കടുത്തു.