തെരഞ്ഞെടുപ്പ് നിലപാട് 17ന് വ്യക്തമാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

KKD-ELECTIONകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സ്വീകരിക്കുന്ന നിലപാട് 17ന് പ്രഖ്യാപിക്കും. അന്നേദിവസം കണ്ണൂരില്‍ ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയോഗത്തില്‍ കേരളത്തില്‍ ഏതു മുന്നണിയെ പിന്തുണയ്ക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ലക്ഷത്തോളം വരുന്ന വ്യാപാരികള്‍ വിചാരിച്ചാല്‍ ചില സ്ഥലത്തൊക്കെ ചിലരെ വിജയിപ്പിക്കാനും തോല്‍പ്പിക്കാനുമൊക്കെ പറ്റും. അതിനായി ഏപ്രില്‍ 24മുതല്‍ മേയ് 12വരെ 140 നിയോജകമണ്ഡലങ്ങളിലും കണ്‍വന്‍ഷനുകള്‍ നടത്തും.

അവിടെയെല്ലാം തങ്ങളുടെ ആവശ്യം സ്ഥാനാര്‍ഥികളുടെ മുമ്പൊകെവയ്ക്കും. വ്യാപാരികളുടെ ആവശ്യം പരിഗണിക്കാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കുന്നവരോട് അത് എഴുതിവാങ്ങിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്ന് നസിറുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നസിറുദ്ദീന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എം.കെ.രാഘവന്‍ എംപി, കുന്നമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി.സിദ്ദീഖ്, ഡിസിസി പ്രസിഡന്റ് കെ.സി.അബു എന്നിവരും ഒപ്പമുണ്ടായിരുന്നു. വില്‍പ്പന നികുതി പിരിക്കുന്ന ജോലിയില്‍നിന്നും വ്യാപാരികളെ ഒഴിവാക്കണമെന്നും കെട്ടിട വാടക നിയമം പരിഷ്കരിച്ച് വ്യാപാരികള്‍ക്ക് ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും നസിറുദ്ദീന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അടുത്ത യുഡിഎഫ് സര്‍ക്കാര്‍ വ്യാപാരികളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും 17ന്റെ യോഗത്തിനുശേഷമേ തങ്ങളുടെ തീരുമാനം പറയാനാവൂ എന്നാണ് നസിറുദ്ദീന്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും നസിറുദ്ദീനുമായി സംസാരിച്ചിരുന്നു. എല്‍ഡിഎഫിന്റെ പ്രകടനപത്രിക വന്നശേഷം മാത്രമേ അവരുമായുള്ള സഹകരണത്തിന്റെ കാര്യവും തീരുമാനിക്കുയുള്ളൂവെന്നും നസിറുദ്ദീന്‍ പറഞ്ഞു.

Related posts