മലയാള സിനിമയില്‍ ഒരുപിടി പുത്തന്‍ നായികമാരുടെ കടന്നു വരവിന് ഇപ്പോള്‍ പ്രേക്ഷകര്‍ സാക്ഷികളാവുകയാണ്. അവിടെയും കഴിവുറ്റ ചില പ്രതിഭകള്‍ക്കു മാത്രമാണ് പ്രേക്ഷക പ്രീതി പിടിച്ചെടുക്കാനായത്. ആ നിരയിലേക്കുള്ള പുത്തന്‍ നായികാ സങ്കല്പമാണ് അനു സിതാര. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ഹാപ്പി വെഡിംഗിലെ ഈ നായിക തമിഴകത്തും ഇതിനോടകം ശ്രദ്ധേയ നേട്ടം കൈവരിച്ചു കഴിഞ്ഞു. കുറച്ചു കാലം കൊണ്ടു നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ ഈ നായികയ്ക്കു കഴിഞ്ഞിരിക്കുന്നു. ഓണക്കാലത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നും അനു സിതാര തന്റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു.
കലാജീവിതത്തിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?
വയനാട് കല്പറ്റയിലാണ് എന്റെ വീട്. അമ്മ ഡാന്‍സ് ടീച്ചറായിരുന്നു. അതുകൊണ്ടു തന്നെ മൂന്നു വയസു മുതല്‍ അമ്മ ഡാന്‍സ് പഠിപ്പിച്ചിരുന്നു. പിന്നീട് ഏഴാം ക്ലാസ് സമയത്താണ് കലാമണ്ഡലത്തിലേക്കു പോയത്. അവിടെ നിന്നും മോഹിനിയാട്ടത്തിലും ഭരത നാട്യത്തിലും ഡിപ്ലോമ കോഴ്സാണ് ചെയ്തിരുന്നത്. അതിനു ശേഷമാണ് സ്കൂള്‍ കലോല്സവത്തിനൊക്കെ പങ്കെടുക്കുന്നത്. മോഹിനിയാട്ടത്തിനും മികച്ച ഗ്രേഡ് വാങ്ങി. ആ സമയത്ത് പത്രങ്ങളില്‍ ഫോട്ടോ വന്നത് കണ്ടിട്ടാണ് പൊട്ടാസ് ബോംബ് എന്ന സിനിമയിലേക്കു വിളിക്കുന്നത്. പിന്നെ അഭിനയത്തോട് താല്പര്യം അച്ഛനായിരുന്നു. അച്ഛന് കോഴിക്കോട് കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്. അബ്ദുള്‍ സലാം എന്നാണു പേര്. അമ്മ രേണുക. അച്ഛന് അഭിനയിക്കുന്ന നാടകങ്ങളൊക്കെ ചെറുപ്പം മുതല്‍ കാണുമായിരുന്നു. അഭിനയത്തില്‍ അങ്ങനെയൊരു പാരമ്പര്യമുണ്ട്.
ആദ്യ സിനിമയിലെ അനുഭവങ്ങളെ എങ്ങനെ ഓര്‍ക്കുന്നു?
ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. സിനിമ കാണുമെങ്കിലും അതിനുള്ളിലുള്ള കാര്യങ്ങള്‍ നമുക്കറിയില്ല. സിനിമയുടെ ലൊക്കേഷനില്‍ പോലും പോയിട്ടില്ലായിരുന്നു. ഷൂട്ടു തുടങ്ങുന്നതിനു മുമ്പ് രണ്ടു മൂന്നു വര്‍ക്ഷോപ്പ് ഉണ്ടായിരുന്നു. അവിടെവെച്ച് എല്ലാവരുമായി പരിചയപ്പെടാനും സിനിമയുടെ അഭിനയത്തെപ്പറ്റിയൊക്കെ പരിചിതമാകാനും സാധിച്ചു. സിനിമയിലുള്ള എന്റെ സീനൊക്കെ ചെയ്യിപ്പിച്ചിരുന്നു. എങ്ങനെയാണു കാമറയുടെ മുന്നില്‍ നില്‍ക്കേണ്ടത് തുടങ്ങി ആദ്യ പാഠങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു അവിടെ നിന്നും. പിന്നങ്ങ് എല്ലാം ശരിയായി. സിനിമയില്‍ പാട്ട് സീനായിരുന്നു ആദ്യമഭിനയിച്ചത്.
പിന്നീട് സത്യന് അന്തിക്കാട് ചിത്രത്തിലേക്കെത്തിയല്ലോ?
പൊട്ടാസ് ബോംബ് കഴിഞ്ഞിട്ടാണ് ഒരു ഇന്ത്യന്‍ പ്രണയ കഥയിലേക്കു വിളിക്കുന്നത്. ആദ്യ ചിത്രത്തില്‍ ഒപ്പം വര്‍ക്കു ചെയ്തിരുന്ന ഒരാള്‍ ഫോട്ടോ കാണിച്ചിട്ടാണ് സത്യന് സാറ് നേരിട്ടു വിളിക്കുന്നത്. സത്യത്തില്‍ ഞാനാദ്യം വിശ്വസിച്ചിരുന്നില്ല. പറ്റിക്കാനായി ആരെങ്കിലും ചെയ്യുന്നതാകാം എന്നാണു കരുതിയിരുന്നത്. പിന്നീടാണു വിശ്വാസമായത്. സത്യന് സാറിന്റെ സിനിമയിലേക്കു വിളിക്കുക എന്നതുതന്നെ നമുക്ക് വലിയ കാര്യമാണ്. അതില്‍ വേഷത്തിന്റെ വലിപ്പച്ചെറുപ്പമല്ല കാര്യം. അതൊരു ഭാഗ്യമായി കരുതുന്നയാളാണ് ഞാന്‍. അവിടെ ചെന്നപ്പോഴും നല്ല പേടിയുണ്ടായിരുന്നു. അത്രയും വലിയ സംവിധായകന്റെ സിനിമയാണ്. പക്ഷേ, സാറ് നല്ല സപ്പോര്‍ട്ടായിരുന്നു. ഓരോ ഷോട്ടും എങ്ങനെയാണ് ചെയ്യേണ്ടതെന്നൊക്കെ പറഞ്ഞു തരുമായിരുന്നു.
തുടര്‍ന്ന് അനാര്‍ക്കലിയിലേക്ക് അവസരം ലഭിച്ചത്?
ആ സിനിമയുടെ ആദ്യ ഭാഗത്തു മാത്രമായിരുന്നും ഞാന്‍ ഉള്ളതെങ്കിലും ആ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകരായ രണ്‍ജി പണിക്കര്‍ സര്, മധുപാല്‍ സര് എന്നിവരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. ഇതിനിടയില്‍ ഒരു ഒരു തമിഴ് പടത്തില്‍ നായികയായി അഭിനയിച്ചിരുന്നു. വിശാല്‍ നായകനായ തിമിര് എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രമാണ്. വെരി എന്നാണ് ചിത്രത്തിന്റെ പേര്. ചെന്നൈയിലും മധുരയുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. ആദ്യ സമയത്തൊക്കെ ഭാഷ വലിയ പ്രശ്നമായിരുന്നെങ്കിലും പിന്നീടതു ശരിയായി. ചിത്രത്തില്‍ വലിയ ഷോട്ടും വലിയ ഡയലോഗുമായിരിക്കും പലപ്പോഴും. തമിഴ് സിനിമ കാണുന്നതിനപ്പുറം തമിഴ് നമുക്ക് വല്യ പിടിയില്ലാത്തതാണ്. അപ്പോള്‍ ഡയലോഗൊക്കെ രണ്ടു മൂന്നു തവണ വായിച്ച് പഠിച്ചാണ് അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നന്നായി തമിഴ് സംസാരിക്കും. ആ ചിത്രത്തിന്റെ ഷൂട്ടു രണ്ടു മൂന്നു മാസം ഉണ്ടായിരുന്നു. അതിനു ശേഷം മറ്റൊരു തമിഴ് ചിത്രം കൂടി ചെയ്തിരുന്നു. പൊതുനലം കരുതി എന്നാണ് ചിത്രത്തിന്റെ പേര്. അതിന്റെ ഷൂട്ടു തുടരുകയാണ്. അതിന്റെ രണ്ടാം ഷെഡ്യൂള്‍ ഇനി പൂര്‍ത്തിയാക്കാനുണ്ട്.
ഹാപ്പി വെഡിംഗ് ഒരു ബ്രേക്ക് നല്കുന്ന അവസരമായിരുന്നല്ലോ?
ഹാപ്പി വെഡിംഗിലെ ഷാഹിന എന്ന കഥാപാത്രമാണ് മലയാളികള്‍ക്ക് എന്നെ കൂടുതല്‍ പരിചിതമാക്കിയത്. എല്ലാ കോളേജിലും അങ്ങനെയൊരു കഥാപാത്രം ഉണ്ടായിരിക്കുമല്ലൊ. ആ കഥാപാത്രത്തിനെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നു സംശയമുണ്ടായിരുന്നു. പിന്നെ ഒരു അഭിനേതാവ് എന്ന രീതിയില്‍ എല്ലാത്തരം കഥാപാത്രങ്ങളും നമ്മള് സ്വീകരിക്കണം. പ്രേക്ഷകര്‍ ആ സിനിമയെ സ്വീകരിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളൊക്കെ കുറേ വന്നിരുന്നു. അതൊക്കെ ആ സ്പിരിറ്റിലെടുക്കാന്‍ എനിക്കു സാധിക്കുന്നുണ്ട്.
പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തിയല്ലോ
ഇപ്പോള്‍ അഭിനയിച്ചു കഴിഞ്ഞത് നവല്‍ എന്ന ജുവല്‍ ചിത്രത്തിലാണ്. അതൊരു ഇന്റര്‍നാഷണല്‍ ചിത്രമാണ്. ചിത്രത്തില്‍ ശ്വേത മോനോന്റെ ചെറുപ്പകാലം, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ വേഷമാണു ചെയ്യുന്നത്. ആ ചിത്രം വളരെ നല്ല അനുഭവമായിരുന്നു. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അനൂപ് മേനോന് ചേട്ടനൊപ്പം സര്‍വോപരി പാലക്കാരന് എന്ന ചിത്രമാണ്. അതില്‍ അപര്‍ണ ബാലമുരളിയും ഞാനുമാണ് നായികമാരാകുന്നത്. ഇനി റിലീസാകാന്‍ രണ്ടു ചിത്രങ്ങളുണ്ട്. വി.എം വിനു സാറിന്റെ മറുപടിയും പിന്നീടുള്ളത് മുന്‍ മുഖ്യമന്ത്രി അച്യുതാന്ദന് സാറ് അഭിനയിച്ച കാമ്പസ് ഡയറി എന്ന ചിത്രവുമാണ്.
പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
സംവിധായകന് സിദ്ധിഖ് സാറിന്റെ ഫുക്രി എന്ന ചിത്രമാണ് കമ്മിറ്റ് ചെയ്തിരിക്കുന്ന പുതിയ പ്രോജക്ട് . ജയസൂര്യയാണ് അതില്‍ നായകന്. അതില്‍ പ്രയാഗ മാര്‍ട്ടിനും ഞാനുമാണ് നായികമാരാകുന്നത്. അതിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍– നവംബറിലാണ് നടക്കുന്നത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ, മലയാളത്തില്‍ സിനിമ ചെയ്യാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ ഇപ്പോള്‍ ചേയ്യുന്ന വേഷങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ.
അഭിനയത്തിനിടയില്‍ പഠനം എങ്ങനെ കൊണ്ടു പോകുന്നു?
ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞു. സിനിമയുടെ തിരക്കിനിടയിലും എം. എ ചെയ്യണം എന്നാണ് കരുതുന്നത്. ഇതിനോടൊപ്പം ‘നവരസ’ എന്നൊരു ഡാന്‍സ് സ്കൂള്‍ എനിക്കുണ്ട്. ഞാനും അമ്മയും കൂടിയാണ് അതു നടത്തിയിരുന്നത്. സിനിമയുടെ തിരക്കിനിടയില്‍ ഇപ്പോള്‍ അമ്മയും അമ്മയുടെ അനുജത്തി ചിത്രച്ചേച്ചിയുമാണ് സ്കൂള്‍ നടത്തിക്കൊണ്ടു പോകുന്നത്. എന്റെ അനുജത്തി അനു സൊനാരയും ഒപ്പമുണ്ട്.
കുടുംബ വിശേഷം?
എന്റെ കല്യാണം കഴിഞ്ഞതാണെന്നു പലര്‍ക്കും അറിയില്ല. കല്യാണത്തിനു ശേഷമാണ് ഹാപ്പി വെഡിംഗ് സിനിമയിലഭിനയിച്ചതു തന്നെ. ഭര്‍ത്താവിന്റെ പേര് വിഷ്ണു പ്രസാദ്. ബാംഗ്ലൂരില്‍ മീഡിയ സ്റ്റുഡിയോ നടത്തുകയാണ്. ഞാന്‍ സിനിമയിലഭിനയിക്കുന്നതിനോട് വിഷ്ണുവിനു നല്ല താല്പര്യമാണ്.
–ലിജിന്‍ കെ. ഈപ്പന്