ഐഎസ് കോട്ടകള്‍ ഒന്നൊന്നായി വീഴുന്നു, ഐഎസ് സിദ്ധാന്തത്തിന്റെ കേന്ദ്രനഗരമായ ദാബികും നഷ്ടപ്പെട്ടതോടെ ലോകഭീകരത തലയറ്റുവീഴുന്നു

issssതുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ കൈയില്‍ നിന്ന് വടക്ക്-പടിഞ്ഞാറന്‍ സിറിയയിലെ ദാബിക് ഗ്രാമം തിരികെ പിടിച്ചു. ദാബിക് തിരിച്ച് പിടിക്കാന്‍ തുര്‍ക്കി ഈ മാസം ആദ്യം തന്നെ സൈനിക നടപടികള്‍ ആരംഭിച്ചതായിരുന്നു. തുര്‍ക്കി സൈന്യം സിറിയന്‍ വിമതരുമായി കൈകോര്‍ത്തപ്പോള്‍ യുദ്ധത്തിന് പുതിയമാനം തെളിയുകയായിരുന്നു. ശക്തമായ ഷെല്‍ ആക്രമണത്തില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ള ഭീകരര്‍ ദാബിക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഐഎസ് സിദ്ധാന്തത്തിന്റെ കേന്ദ്രനഗരമാണ് തുര്‍ക്കി അതിര്‍ത്തിയില്‍നിന്നു പത്തുകിലോമീറ്റര്‍ അകലെയുള്ള ദാബിക്ക്. ദാബിക്കില്‍വച്ചാണ് അന്ത്യവിധിദിനത്തില്‍ മുസ്‌ലിംകളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം നടക്കുക എന്നാണ് ഐഎസ് പ്രചരിപ്പിക്കുന്നത്. ഐഎസിന്റെ ഓണ്‍ലൈന്‍ മാഗസിനു പേരിട്ടിരിക്കുന്നതും ദാബിക്ക് എന്നാണ്. ഓഗസ്റ്റ് 2014 മുതല്‍ ദാബിക്കിന്റെ നിയന്ത്രണം ഐഎസിന്റെ കൈകളിലായിരുന്നു.

ദാബിക്കില്‍നിന്നു പിന്മാറിയ ഭീകരര്‍ നഗരത്തില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതായി സംശയിക്കുന്നു. ഇതിനിടെ സിറിയയില്‍ പുതിയ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സ്വിറ്റ്‌സര്‍ലണ്ടില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആശയങ്ങളുടെ കൈമാറ്റമേ നടന്നുള്ളുവെന്നും കരാറുണ്ടാക്കാനായില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ആറാംവര്‍ഷത്തിലേക്കു കടന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു യൂറോപ്യന്‍ നേതാക്കളുമായി ലണ്ടനില്‍ ചര്‍ച്ച തുടരുമെന്നു കെറി അറിയിച്ചു.യുദ്ധത്തില്‍ ഇതിനകം മൂന്ന് ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു കണക്ക്.

Related posts