പടയാളികളെ വരവേല്‍ക്കാന്‍ പടനിലം ഒരുങ്ങി ; ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് നാളെ തുടക്കം

klm-ochiraഅനീസ് കൊട്ടുകാട്
കരുനാഗപ്പള്ളി: ഓണാട്ടുകരയെ ആവേശ തിമര്‍പ്പിലാക്കുന്ന ഓച്ചിറക്കളിക്ക് നാളെ തുടക്കം. വീരസ്മരണകളുണര്‍ത്തി പടയാളികള്‍ എട്ടുകണ്ടത്തില്‍ നാളെ അങ്കം കുറിക്കുന്നതോടെ ഓച്ചിറക്കളിക്ക് തുടക്കമാകും.ഇതിനായി പടനിലവും എട്ടുകണ്ടവും പോരാളികള്‍ക്കായി തയാറാക്കി കഴിഞ്ഞു. അമ്പത്തിരണ്ട് കരകളില്‍ നിന്നുള്ള കളിയാശാന്മാരുടെ നേത്യത്വത്തിലുള്ള കളി സംഘങ്ങള്‍ ഇത്തവണയും പടനിലത്ത് എത്തും. ഓച്ചിറയില്‍ രാജഭരണ കാലത്ത് നടന്ന  ഒരു യുദ്ധത്തിന്റ വാര്‍ഷികാനുസ്മരണമാണ് ഓച്ചിറക്കളിയായി രൂപാന്തരപ്പെട്ടതെന്നാണ് ഐതിഹ്യം.മിഥുനം ഒന്ന്,രണ്ട് തീയതികളിലാണ് പടനിലത്ത് ഓച്ചിറക്കളി നടക്കുന്നത്.

41 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് പടയാളികള്‍ തലക്കെട്ടും വാളും പരിചയുമേന്തി അങ്കത്തിനായി നാളെ എത്തുന്നത്. ആചാരവിധിപ്രകാരം ആയുധപൂജയും കളരിപൂജയും നടത്തി പരിശീലനം നല്കിയകളിയാശന്  ദക്ഷിണയും നല്കിയശേഷമാണ് ഇവര്‍ പുറപ്പെടുന്നത്. നാളെ രാവിലെ തന്നെ പടനിലത്തു എത്തുന്ന കളിസംഘങ്ങള്‍ ഇവിടെ വച്ച് അവസാനവട്ട പരിശീലനവും പൂര്‍ത്തീകരിക്കും  അഞ്ചുവയസുള്ള ബാലന്‍മാര്‍മുതല്‍ എന്‍പത് വയസുള്ള വ്യദ്ധന്‍മാര്‍ വരെ കളിസംഘങ്ങളില്‍ ഉണ്ടാകും.കരുനാഗപ്പള്ളി,മാവേലിക്കര, കര്‍ത്തികപ്പള്ളി  കരകളില്‍ നിന്നുള്ളവരാണ് പോരാട്ടത്തിനായി ഇറങ്ങുന്നത്.

ഉച്ചക്ക് 12ന് കളിസംഘങ്ങള്‍ പരബ്രഹ്മക്ഷേത്ര ഭരണസമിതിഓഫീസിന് മുന്നില്‍ അണിനിരക്കും. പടത്തലവന്‍മാര്‍ ധ്വജം ക്ഷേത്രഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങും. തുടര്‍ന്ന് ഘോഷയാത്ര ആരംഭിക്കും. പടനിലം ചുറ്റിക്കറങ്ങി ഘോഷയാത്ര എട്ടു കണ്ടത്തില്‍ എത്തുന്നതേടെ കരയില്‍ പടവെട്ട് നടത്തും പിന്നീട് എട്ടു കണ്ടത്തിലിറങ്ങി കരനാഥന്‍ന്മാര്‍ ഹസ്തദാനം നടത്തുന്നതോടെ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമാകും. സംസ്ഥാനത്തിന്റ വിവിധഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഓച്ചിറയിലെത്തും.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിരവധി പോലീസുകാരെ പടനിലത്ത് വിന്യസിക്കും. കെഎസ്ആര്‍ടിസി കായംകുളം,കരുനാഗപ്പള്ളി,കൊല്ലം ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തും. വ്യാഴഴ്ചയോടെ പടവെട്ട് അവസാനിപ്പിച്ച് പടയാളികള്‍ മടങ്ങും.

Related posts