പത്തനംതിട്ട: തെരുവുനായ ശല്യം ഒഴിവാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ നീക്കിവച്ച തുക കെട്ടിക്കിടക്കുന്നു. ജനങ്ങള്‍ക്കു സുരക്ഷ നല്‍കാനുള്ള പദ്ധതിയുടെ നടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതായി ജനപ്രതിനിധികള്‍. സംസ്ഥാനത്തു തെരുവുനായ്ക്കളുടെ ശല്യമേറിയപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ബന്ധിതമായി പദ്ധതിക്കുവേണ്ടി പണം നീക്കിവച്ചത്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള പദ്ധതി വിഹിതമുണ്ടെങ്കില്‍ മാത്രമേ വാര്‍ഷികപദ്ധതി അംഗീകരിച്ചാല്‍ മതിയെന്നും കഴിഞ്ഞവര്‍ഷം നിര്‍ദേശമുണ്ടായി.
കഴിഞ്ഞവര്‍ഷത്തെ പദ്ധതിയില്‍ ഓരോ ഗ്രാമപഞ്ചായത്തും 70,000 രൂപയാണ് നീക്കിവച്ചത്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ വിഹിതവുമുണ്ടായിരുന്നു. 45 ലക്ഷം രൂപയോളം പദ്ധതി നടത്തിപ്പിനായി ഉണ്ടായിരുന്നു. കൂടാതെ നഗരസഭകളും ഇതേ പദ്ധതിയില്‍ പണം നീക്കിവച്ചിരുന്നു. ജില്ലാ മൃസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറെ പദ്ധതിയുടെ നടത്തിപ്പു ചുമതല ഏല്പിച്ചെങ്കിലും ഇത് ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ കാട്ടിയ അലംഭാവം കാരണം പുതിയ പദ്ധതി വര്‍ഷത്തില്‍ സ്പില്‍ ഓവറായി പണം കടന്നുകയറുകയാണ്.
പദ്ധതിയുണ്ടായിട്ടും നടപ്പാക്കാതെ വന്നപ്പോള്‍ ജനങ്ങള്‍ക്ക് തെരുവുനായ്ക്കളുടെ ശല്യത്തില്‍നിന്നു മോചനമായതുമില്ല. തെരുവുനായ്ക്കളെപിടികൂടെ കൂട്ടിലടച്ച് വന്ധ്യകരണം നടത്തി തിരികെ വിടാനുള്ളതായിരുന്നു പദ്ധതി. നായ്ക്കളെ പിടികൂടാന്‍ വിദഗ്ധരായവരെ ലഭിച്ചെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കാനാകൂവെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിരുന്നു. ഇതിനായി ആളെ കണ്ടെത്തി പരിശീലനം നല്കാന് ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍ദേശിച്ചിരുന്നു. അപ്പോഴേക്കും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പദ്ധതി പ്രവര്‍ത്തനം തടസപ്പെട്ടു. ഇക്കാലയളവില്‍ ഉദ്യോഗസ്ഥരും തിരക്കിലായതോടെ പദ്ധതി മുടങ്ങി.
പിന്നീടു പല തവണം മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥരുമായി പദ്ധതിയെക്കുറിച്ച് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. തെരുവുനായ്ക്കള്‍ വീണ്ടും നാടിന്റെ സൈര്യം കെടുത്തുകയാണ്. പാതയോരങ്ങളും പ്രധാന ടൗണുകളും തെരുവുനായ്ക്കളുടെ ശല്യമുണ്ട്. കഴിഞ്ഞദിവസം വാര്യാപുരം ശാലം ജംഗ്ഷനില്‍ അഞ്ചുവയസുകാരനു നായയുടെ കടിയേറ്റിരുന്നു. വേലശേരില്‍ വിജയന് – ശ്യാമ ദമ്പതികളുടെ മകന് വിഷ്ണുവിനാണ് കടിയേറ്റത്. വൈകുന്നേരം സഹോദരിക്കൊപ്പം ട്യൂഷനുപോകുമ്പോഴാണ് നായ ആക്രമിച്ചത്. വിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയുടെ ആക്രമണത്തില്‍ പോറലേറ്റ സഹോദരി വിദ്യയ്ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്്പ് നല്കി.
പാതയോരങ്ങളിലും മറ്റും നായ്ക്കളെ ഉപേക്ഷിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. വീടുകളില്‍ വളര്‍ത്തിയിരുന്ന നായ്്ക്കളെ പ്രായമാകുമ്പോഴും രോഗാവസ്ഥയിലും വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുകയാണ് പതിവ്. പത്തനംതിട്ട നഗരത്തില്‍ റിംഗ് റോഡിനു ചുറ്റും സ്റ്റേഡിയം, ബസ് സ്റ്റേഷന് പരിസരത്തും തെരുവുനായ്ക്കള്‍ ധാരാളമുണ്ട്. നഗരസഭയില്‍ തെരുവുനായ്ക്കളുടെ പുനരധിവാസം എന്ന പേരില്‍ ഒരു പദ്ധതി തയാറാക്കിയിരുന്നു. ഇവടെ പിടികൂടി നിശ്ചിതസ്ഥാനത്തു പാര്‍പ്പിക്കാനായിരുന്നു ആലോചന. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ നഗരസഭയ്ക്കും കഴിഞ്ഞിട്ടില്ല.