പന്നിയങ്കര എല്‍പി സ്കൂളില്‍: മലയാള അക്ഷരത്തിന്റെ പുണ്യം നുകരാന്‍ ആന്ധ്രയിലെ കുട്ടികള്‍

PKD-ANDHRAവടക്കഞ്ചേരി: കുട്ടികളുടെ കുറവില്‍ നിലനില്പ് പരുങ്ങലിലായ ദേശീയപാതയോരത്തുള്ള പന്നിയങ്കര  സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മലയാളം അക്ഷരങ്ങള്‍ പഠിക്കാന്‍ തെലുങ്ക് കുട്ടികള്‍. ആറുവരിപാത വികസനപ്രവൃത്തികള്‍ക്കായി ആന്ധ്രാപ്രദേശില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമെത്തിയിട്ടുള്ള ധനേഷും കാര്‍ത്തിക്കുമാണ് ഒന്നാം ക്ലാസിലേക്കുള്ള പുതിയ അതിഥികള്‍. ഒന്നാം ക്ലാസിലേക്ക് ഇവര്‍ മാത്രമേ പ്രവേശത്തിനെത്തിയുള്ളൂ. രണ്ടുപേര്‍കൂടി വരാനുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.

എന്തായാലും പ്രവേശനോത്സവ പരിപാടികളും മധുരവിതരണവുമെല്ലാം കാര്‍ത്തിക്കിനും ധനേഷിനും നന്നേ ഇഷ്ടപ്പെട്ടു. സ്കൂളില്‍ കൂട്ടുകാര്‍ കുറവാണെങ്കിലും ഭാഷയുടെ ബുദ്ധിമുട്ടുകളൊന്നും ഇവരുടെ കളികള്‍ക്ക് തടസ്സമല്ല. ഇവരുള്‍പ്പെടെ ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി ഇന്നലെ പത്ത് കുട്ടികളാണ് എത്തിയത്. നാലാം ക്ലാസില്‍ നാലുപേരുണ്ട്. മറ്റു മൂന്നു ക്ലാസുകളിലും രണ്ടുപേര്‍ വീതവും. കാര്‍ത്തിക്കും ധനേഷും വന്നതിനാല്‍ പ്രവേശനോത്സവവും നടത്താനായി.

തോട്ടുപ്പുറം മനോജ് നേതൃത്വം നല്‍കുന്ന വാല്‍ക്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി  സന്തോഷ് അറക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുടെ കിറ്റ് നല്‍കിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. മാതൃസംഘം പ്രസിഡന്റ് പ്രസന്ന അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക എം. പങ്കജം, അധ്യാപകന്‍ സാബു വര്‍ഗീസ്, ജിത്തൂസ് ബിജു എന്നിവര്‍ പ്രസംഗിച്ചു.

Related posts