അമേരിക്കയിലെ ഹൂസ്റ്റണ്‍ സ്വദേശികളായ ആദമിനും ഡാനിയേലയ്ക്കും ഈ സന്തോഷം എങ്ങനെ അടക്കണമെന്ന് അറിയില്ല. കാരണം ഡാനിയേലയുടെ രണ്ടാമത്തെ പ്രസവത്തില്‍ പിറന്നത് ഒന്നും രണ്ടുമല്ല അഞ്ചു പിഞ്ചോമനകളാണ്. നാലരക്കോടിയില്‍ ഒരാള്‍ക്ക് മാത്രമാണ് ഒരു പ്രസവത്തില്‍ അഞ്ചു കുട്ടികള്‍ ജനിക്കുന്നത്. 34കാരനായ ആദമിന്റെയും 33കാരിയായ ഡാനിയേലയുടെയും മൂത്തമകളായ ബ്ലൈക്കിന് അഞ്ചു വയസാണ് പ്രായം. ആദ്യ പ്രസവത്തിനു ശേഷം ഡാനിയേലയക്ക് സ്വഭാവിക ഗര്‍ഭധാരണം സാധ്യമല്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
ഐവിഎഫിനു സമാനമായ ഇന്ട്രോടെറീന് ഇന്സെമിനേഷന്(IUI) എന്ന നൂതന ചികിത്സാരീതിയിലൂടെയാണ് ഡാനിയേല രണ്ടാമതും ഗര്‍ഭിണിയാകുന്നത്. ഗര്‍ഭിണിയായിരിക്കുന്ന വേളയില്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തിയപ്പോഴാണ് അഞ്ച് കുട്ടികളാണുള്ളതെന്ന് മനസ്സിലായത്.അഞ്ചുകുട്ടികളെ സ്ക്രീനില്‍ കണ്ടപ്പോള്‍ തന്റെ കൈയ്യിലിരുന്ന കാപ്പിയുടെ കപ്പ് വിറച്ച് താഴെപ്പോയെന്നാണ് ആദം പറയുന്നത്.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു ഇവര്‍ക്ക് ആദ്യ കുട്ടി ജനിക്കുന്നത്. 2003ല്‍ തങ്ങളുടെ കൗമാരത്തില്‍ ഒരു ടാര്‍ജറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മില്‍ പരിചയമാകുന്നത്. പക്ഷെ വിവാഹം കഴിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുമ്പു മാത്രവും.
അഞ്ചു കുട്ടികള്‍ തന്റെ ഉദരത്തിലുണ്ടെന്നു മനസിലാക്കിയ ശേഷം കുട്ടികള്‍ക്കായി 4500കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണമാണ് ഡാനിയേല അകത്താക്കിയിരുന്നത്. ഈ ഭക്ഷണരീതി തന്നെ തടിച്ചിയാക്കിയതായി ഡാനിയേല പറയുന്നു. ഒന്നിലധികം കുട്ടികളുണ്ടാകുന്നത് പലപ്പോഴും അമ്മയ്ക്കും കുട്ടികള്‍ക്കും അപായമുണ്ടാക്കാനുള്ള സാധ്യതകൂടുതലാണുതാനും. ഗര്‍ഭം 28 ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും ഗര്ഭായശത്തില് ഭ്രൂണങ്ങള്തമ്മില് ഞെരുക്കമുണ്ടാവാന് തുടങ്ങി ഇതേത്തുടര്‍ന്നാണ് സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടികളെ സുരക്ഷിതമായി പുറത്തെടുത്തത്.
എല്ലാ കുട്ടികളും പൂര്ണആരോഗ്യവതികളാണെങ്കിലും ഒരു കിലോഗ്രാമില്‍ താഴെമാത്രമാണ് ഇവരുടെ ഭാരം. കുഞ്ഞുങ്ങളുടെ പതിഞ്ഞ കരച്ചില് കൗതുകരമാണെന്നാണ് പിതാവ് ആദം അഭിപ്രായപ്പെടുന്നത്. മൂന്നു മാസംവരെ ഇവര്‍ക്ക് പ്രത്യേകപരിചരണം ആവശ്യമാണ്. മൂത്ത ചേച്ചി ബ്ലൈക്ക് ഇപ്പോള്‍ കുഞ്ഞ് അനുജത്തിമാരുടെ കാര്യം നോക്കുന്ന തിരക്കിലാണ്.
60 ബോട്ടില്‍ പാലാണ് ഇവര്‍ക്കായി ഒരു ദിവസം നല്‍കുന്നത്. അതുപോലെ 40 ഡയപ്പേഴ്സ് ഒരു ദിവസം മാറ്റേണ്ടിവരുന്നു. ഡാനിയേലയുടെ അമ്മയും സഹോദരിയുമെല്ലാം കുട്ടികളെ പരിചരിക്കുന്നുണ്ട്. 45 മിനിറ്റ് ഇടവിട്ടാണ് കുട്ടികള്‍ക്ക് പാല് കൊടുക്കുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇറ്റ്സ് എ ബസ് വേള്‍ഡ് എന്ന പേരില്‍ ഡാനിയേല ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. ഈ ബ്ലോഗ് ഒരു ഡോക്യുമെന്ററി നിര്‍മാതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആദത്തിനെയും ഡാനിയേലയെയും കുട്ടികളെയും വച്ച് പേരന്റ്ഹുഡ് എന്ന പേരിലൊരു ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്തു. ഇതിന്റെ അടുത്ത ഭാഗങ്ങള്‍ താമസിയാതെ പുറത്തിങ്ങും. എന്തായാലും അഞ്ചുപിഞ്ചോമനകളും പ്രശസ്തരായിക്കഴിഞ്ഞിരിക്കുന്നു.