മങ്കൊമ്പ്: ഫ്‌ളോട്ടിംഗ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തു വന്നിരുന്ന കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു പിന്‍വാതില്‍ നിയമനം നടത്തിയതായി ആക്ഷേപം. കുട്ടനാട്ടിലെ തുരുത്തുകളിലേക്കും റോഡുമാര്‍ഗം എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്കും ബോട്ടില്‍ ചെന്നു ചികിത്സ നടത്തുന്ന പദ്ധതിയാണ് ഫ്‌ളോട്ടിംഗ്. 2013 മുതല്‍ ഇതു കാര്യക്ഷമമായി നടക്കുന്നുവെന്നു മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ ജനസമ്മതിയുണ്ടായതിനാല്‍ ഹരിപ്പാട്, ചമ്പക്കുളം എന്നിവിടങ്ങളിലേ്ക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു.
പലപ്പോഴായി 10 പേരെയോളം കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇതില്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള എട്ടുപേരെയാണു ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്. പിരിച്ചുവിടുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദപോലും കാട്ടിയില്ലെന്നാണു കരാര്‍ ജീവനക്കാര്‍ പറയുന്നത്. തിരുവനന്തപുരത്തെ ഹോമിയോ ഡയറക്ടറുടെ ഓഫീസില്‍നിന്നും യാതൊരു തരത്തിലുളള നിര്‍ദേശവും വരാതെ തന്നെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇത്തരത്തില്‍ നടപടിയെടുത്തിരിക്കുന്നതെന്നു കാട്ടി ഇവര്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലെ ശമ്പളവും നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പുതന്നെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തില്‍ പ്രതികാര നടപടിയും പിന്‍വാതില്‍ നിയമനവും നടക്കുന്നുവെന്നാണ് ആക്ഷേപം.