മണ്ണാര്‍ക്കാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കരിഞ്ഞുണങ്ങുന്നു

pkd-mannarkaduമണ്ണാര്‍ക്കാട്: വേനല്‍ ശക്തമായതോടെ മണ്ണാര്‍ക്കാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കരിഞ്ഞുണങ്ങുന്നു.  പുഴകളില്‍ നീരൊഴുക്ക് നിലച്ചിട്ട് ആഴ്ചകളായി.  പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന പുഴകളായ കരിമ്പുഴ, മുറിയങ്കണ്ണി, കൂട്ടിലക്കടവ് പുഴകളെല്ലാം വറ്റിവരണ്ടു. ഭാരതപ്പുഴയുടെ കൈവഴിയായ മുറിയങ്കണ്ണിപുഴയില്‍ ഒഴുക്കു നിലച്ചിട്ട് മാസങ്ങളായി. മണല്‍ക്കുഴികളില്‍ വെള്ളം ശേഷിച്ചിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ കാടുകള്‍ വളര്‍ന്നുനില്ക്കുകയാണ്. വേനല്‍ ശക്തമായതോടെ കരിമ്പുഴ, മറ്റു ചെറുപുഴകളെല്ലാം വറ്റി.
അലനല്ലൂര്‍, തിരുവിഴാംകുന്ന്, നാട്ടുകല്‍, കരിങ്കല്ലത്താണി എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

വേനല്‍ കനത്താല്‍ കുടിവെള്ളം തേടി കിലോമീറ്ററോളം ദൂരം പോകേണ്ടിവരും. മണ്ണാര്‍ക്കാട് താലൂക്കിലെ കുന്തിപ്പുഴ, നെല്ലിപ്പുഴ, ചൂരിയോട് പുഴകളും വറ്റിത്തുടങ്ങി.  വേനല്‍ ശക്തമായതിനെ തുടര്‍ന്ന് കാരാകുറിശിയില്‍ പുഴകള്‍ വറ്റിവരണ്ടു. പ്രദേശത്തെ തുമ്പക്കണ്ണിപുഴ, കോരങ്കടവ് പുഴ, കൂട്ടിലക്കടവ് പുഴ എന്നിവിടങ്ങളില്‍ വേനല്‍ ശക്തമായതിനെ തുടര്‍ന്നാണ് വെള്ളത്തിന്റെ ഒഴുക്ക് നഷ്ടമായത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം വേനല്‍ ശക്തമാണെന്നാണ് അധികൃതര്‍.

കഴിഞ്ഞ മാര്‍ച്ച് മാസംവരെയും ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയാണ് തുമ്പക്കണ്ണിപ്പുഴ. എന്നാല്‍ നിലവില്‍ പുഴ കാടുകയറിയ സ്ഥിതിയിലാണ്.കോരങ്കടവ് പുഴയിലെയും സ്ഥിതി ഇതുതന്നെയാണ്. മണലൂറ്റുമൂലം പുഴയുടെ ഒഴുക്ക് പൂര്‍ണമായും നിലച്ചു. മേഖലയില്‍ വൈകുന്നേരമാകുന്നതോടെ സജീവമാകുന്ന മണല്‍ലോബികള്‍ മണലെടുത്ത് വിപണനം നടത്തുകയാണ്. മണലൂറ്റുന്നതിനു നിരവധി സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മണല്‍കുഴികളില്‍ മാത്രമാണ് നിലവില്‍ വെള്ളം കെട്ടിക്കിടക്കുന്നത്. നെല്ലിപ്പുഴയിലും വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു.

Related posts