മുക്കം ഇഎംഎസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ വ്യാപക കയ്യേറ്റം

KKD-COMPLEXമുക്കം:  2006-2007 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച മുക്കം ഇഎംഎസ് മെമ്മോറിയല്‍ മാര്‍ക്കറ്റിംഗ് കോംപ്ലക്‌സില്‍ വ്യാപക കയ്യേറ്റം. മാസങ്ങളായി തുടരുന്ന കയ്യേറ്റത്തിനെതിരെ നിലവിലെ നഗരസഭാധികൃതരും യാതൊരു നടപടിയും സ്വീകരിക്കാതെ കയ്യേറ്റത്തിന് മൗനാനുവാദം നല്‍കിയിരിക്കുകയാണ്. മാര്‍ക്കറ്റിംഗ് കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് വന്‍തോതില്‍ കയ്യേറ്റം നടന്നത്. ഇവിടെ വാഹന പാര്‍ക്കിംഗ് ഏരിയയും യാത്രക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും നടക്കാനായി ഒഴിച്ചിട്ടഭാഗവും കയ്യേറി തങ്ങളുടേതാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെ കച്ചവടം നടത്തുന്ന പലരും ഗ്രാമപഞ്ചായത്ത്, നഗരസഭാധികൃതരില്‍നിന്നും നേരിട്ട് വാടകയ്ക്ക് വാങ്ങിയവരല്ല. മറിച്ച് നേരത്തെ വാടകക്ക് വാങ്ങിയവരില്‍ നിന്ന് അധിക വാടക നല്‍കി കച്ചവടം തുടങ്ങിയവരാണ്. ആ ധൈര്യത്തില്‍ തന്നെയാണ് ഇവിടെ കയ്യേറ്റങ്ങള്‍ കൂടുതലും നടന്നതും.

മുക്കം അഗ്രോ ഏജന്‍സീസ് എന്ന സ്ഥാപനം താഴെ നിലയിലെ ര|ു മുറികള്‍ മുന്‍വശത്തും പിറക് വശത്തുമായി വാടകക്ക് എടുത്തിട്ടുണ്ട്. ഈ രണ്ട് മുറികള്‍ക്കുമിടയിലുള്ള വഴി ഇരുമ്പു ഗ്രില്‍ ഉപയോഗിച്ച് താഴിട്ടു പൂട്ടിയിരിക്കുകയാണ്. ഇതിനുപുറമെ പക്ഷികളും അലങ്കാര മത്സ്യങ്ങളും മറ്റും വില്‍പ്പന നടത്തുന്ന സ്ഥാപനവും മണ്‍പാത്രങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനവും സ്ഥാപനത്തിലെ പാര്‍ക്കിംഗ് ഏരിയ മുഴുവനായും കയ്യേറി അവിടെ കച്ചവടം നടത്തുകയാണ്. പല സമയങ്ങളിലും ഇവിടെ പക്ഷികളേയും മറ്റും കഴുകുന്ന മലിനജലവും നേരിട്ട് മാര്‍ക്കറ്റിലൂടെ ആളുകള്‍ നടന്നുപോകുന്ന ഭാഗത്തേക്ക് ഒഴിച്ച് വിടുന്നതും പതിവാണ്.

ഇത്തരത്തില്‍ മാസങ്ങളായി തുടരുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നഗരസഭാധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കൃഷിഭവന്‍, പ്രസ് ഫോറം, കുടുംബശ്രീ സിഡിഎസ് ഓഫീസ് എന്നിവയും പ്രവര്‍ത്തിക്കുന്നത് ഈ കോംപ്ലക്‌സിലാണ്. ഇവിടെയുള്ളവര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ മറ്റു സ്ഥലങ്ങള്‍ അന്വേഷിച്ചു പോകേണ്ട അവസ്ഥയാണ്. ദിവസേനയെന്നോണം പരിപാടികള്‍ നടക്കുന്ന മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികള്‍ക്കെത്തുന്നവര്‍ പാര്‍ക്കിംഗ് സംവിധാനം ഇല്ലാതെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഇവിടെ ഗതാഗതതടസവും പതിവാണ്.

Related posts