യജമനനായി ജീവന്‍ കൊടുത്തു… മൂര്‍ഖന്‍ പാമ്പില്‍നിന്നു തന്റെ യജമാനനെ രക്ഷിക്കാന്‍ ബ്ലാക്കി ബലിനല്‍കിയത് സ്വന്തം ജീവന്‍

ktm-pattiഎരുമേലി: സ്‌നേഹത്തിനും നന്ദിക്കും മരണത്തെക്കാള്‍ വിലയുണ്ടെന്നു കാട്ടാന്‍ ബ്ലാക്കി എന്ന വളര്‍ത്തു നായക്ക് വെടിയേണ്ടിവന്നത് സ്വന്തം ജീവന്‍. ബ്ലാക്കിയുടെ അന്ത്യ നിമിഷങ്ങളോര്‍ത്ത് പൊട്ടിക്കരയുന്നു കുറുവാമൂഴി കടക്കുഴ വീട്ടില്‍ ടോമി.കഴിഞ്ഞ ദിവസമാണ് മൂര്‍ഖന്‍ പാമ്പില്‍നിന്നു ടോമിയെ രക്ഷിക്കാന്‍ ബ്ലാക്കി സ്വന്തം ജീവന്‍ തന്നെ ബലിനല്‍കിയത്. ടോമിയുടെ നേര്‍ക്ക് ചീറ്റി പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനെ എതിരിട്ട് കൊന്നതിനുശേഷമായിരുന്നു ബ്ലാക്കിയുടെ വീരചരമം.

ഡാഷ്ഹണ്ട് ഇനത്തില്‍പ്പെടുന്ന മൂന്നു വയസുകാരനായ ബ്ലാക്കി മൂന്നുവര്‍ഷം മുമ്പ് കുഞ്ഞായിരിക്കുമ്പോഴാണ് ടോമിയുടെ കുടുംബത്തില്‍ കുടിയേറുന്നത്. ദൂരെനിന്നു മോട്ടോര്‍സൈക്കിളില്‍ ടോമിയെത്തുന്ന ശബ്ദം കേള്‍ക്കുമ്പോഴേ ബ്ലാക്കി ഓടിയെത്തും. ടോമിയെ കൈയില്‍ പിടിച്ചാണ് വീട്ടിലേക്കു കയറ്റുന്നത്. ടോമിയുടെ സമ്മതമില്ലാതെ ഒരു ജീവിയെപ്പോലും വീടിനുള്ളിലേക്കു കയറ്റില്ല. ടോമിക്കും ഭാര്യക്കും മക്കള്‍ക്കുമൊപ്പം പറമ്പില്‍ അംഗരക്ഷകന്റെ ഭാവത്തിലാണ് ബ്ലാക്കിയുണ്ടാവുക. രാത്രി ടോമി കിടക്കുമ്പോള്‍ അവന്‍ അരികിലെത്തും, പതിവു മുത്തത്തിനായി. കാലുകള്‍ രണ്ടും നിലത്തൂന്നി കൈകള്‍ കട്ടിലില്‍വച്ച് ബ്ലാക്കി മുഖംനീട്ടി മുത്തംവയ്ക്കും.

കഴിഞ്ഞദിവസം ടോമിയുടെ ഭാര്യ ജിജി വീടിനു സമീപം അലക്കുകല്ലില്‍ വസ്ത്രങ്ങള്‍ കഴുകുമ്പോഴാണ് മൂര്‍ഖന്‍പാമ്പിനെ കണ്ട് ബ്ലാക്കി പാഞ്ഞെത്തിയത്. ജിജിയുടെ നിലവിളികേട്ട് ടോമി വന്നത് പാമ്പിന്റെ അരികിലേക്കായിരുന്നു. പത്തിവിടര്‍ത്തി പാമ്പ് കൊത്താനൊരുങ്ങുന്നത് നടുക്കുന്ന ഓര്‍മയായി ടോമിയുടെ മനസില്‍ തങ്ങി നില്‍ക്കുന്നു. എന്നാല്‍, തല്‍ക്ഷണം ബ്ലാക്കി ചാടിവീണിരുന്നു. മൂര്‍ഖനുമായി മല്‍പിടുത്തത്തിനിടെ പലതവണ കടിയേറ്റു. അതൊന്നും വകവെക്കാതെ മൂര്‍ഖനെ കീഴ്‌പ്പെടുത്തിയതിനൊടുവില്‍ അവശനിലയിലായി ബ്ലാക്കി വേച്ചുവീണു.

രക്ഷിക്കാന്‍ ടോമിയും എരുമേലി മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അനില്‍കുമാറും ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മരണാസന്നനായ ബ്ലാക്കിക്കരികില്‍ രാത്രി മുഴുവനും കണ്ണിമ ചിമ്മാതെ ടോമി കാവല്‍ നിന്നു. കുടിക്കാന്‍ വെള്ളം നല്‍കി. ഇഷ്ടപ്പെട്ട ഇറച്ചി വേവിച്ച് കറിവെച്ചു നല്‍കി. ഒടുവില്‍ പുലര്‍ച്ചയോടെ ടോമിയുടെ മടിയില്‍ കിടന്ന് ബ്ലാക്കി കണ്ണടച്ചു. അപ്പോള്‍ അലമുറയിട്ടു കരയുകയായിരുന്നു ടോമി. ഒരിക്കലും ഇഴപിരിയാനാകാത്ത സ്‌നേഹത്തിന്റെ അടയാളമായിരുന്നു അത്.

Related posts