പേരൂര്‍ക്കട: വയല്‍ നികത്തുന്നതിന് കൈക്കൂലി വാങ്ങി വില്ലേജ് അധികൃതര്‍ ഒത്താശചെയ്യുന്നുവെന്നാരോപിച്ച് നെട്ടയത്ത് പ്രതിഷേധം. പേരൂര്‍ക്കട വില്ലേജ് അധികൃതര്‍ ക്കെ തിരേയാണ് ബി.ജെ.പി നെട്ടയം ഏരിയാ കമ്മിറ്റിയുടെ പ്രതിഷേധം. നെട്ടയം ഇടവറ ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തി 50 സെന്റോളം വരുന്ന വയല്‍ ഓട ഉള്‍പ്പെടെ നികത്തിയതിനെതിരെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഈ നികത്തലിന് വില്ലേജ് അധികൃതരുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം. രണ്ടാഴ്ചകള്‍ക്കു മുമ്പ് ഒരു രാത്രിയാണ് ലോറിയില്‍ മണ്ണടിച്ച് വയല്‍ നികത്തിയത്.
പ്രശ്‌നം വില്ലേജ് ഓഫീസറെ അറിയിച്ചിട്ട് നടപടിയുണ്ടായില്ലെന്ന് പറയപ്പെടുന്നു. ഇതിനെതിരെ വട്ടിയൂര്‍ക്കാവ് പോലീസ്്, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുകയാണ്. വയല്‍ നികത്തിയതിനൊപ്പം ഇതിനടുത്തുള്ള ഓട മണ്ണിട്ടുമൂടുകകൂടി ചെയ്യുകയുണ്ടായി. കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും മൂടിയ ഓട പഴയപടിയാക്കുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിന് പരാതി നല്‍കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.