ചെറായി: വേലിയേറ്റ സമയത്ത് കടല്‍ കവിഞ്ഞൊഴുകുന്നതു മൂലം വൈപ്പിനിലെ തീരദേശമേഖലയില്‍ കടല്‍വെള്ളം കയറുന്നത് രൂക്ഷമാകുന്നു. നായരമ്പലം മുതല്‍ എടവനക്കാട് ചാത്തങ്ങാട് കടപ്പുറം വരെയാണ് കടല്‍ വെള്ളം കരയിലേക്ക് കൂടുതലായി കയറുന്നത്. രാവിലെ തുടങ്ങുന്ന കടല്‍ കയറ്റം ഉച്ചക്ക് ഒന്നര മണിവരെ തുടരും. പിന്നീടു രാത്രിയിലെ വേലിയേറ്റ സമയത്തു വീണ്ടും കടല്‍ കരയിലേക്കു കയറും. കടലില്‍ വേലിയേറ്റം ഉ|ാകുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തീരമാലകള്‍ കടല്‍ഭിത്തിക്ക് മേലെ അടിച്ചു കയറുന്നതും കരിങ്കല്‍ പാക്കിംഗ് ഇല്ലാത്ത കടല്‍ഭിത്തിക്കിടയിലൂടെ വെള്ളം ഒഴുകിവരുന്നതുമാണ് വെള്ളം കരയിലേക്കെത്താന്‍ കാരണം.
കഴിഞ്ഞ ഒരാഴ്ചയോളമായി ഈ പ്രതിഭാസം തുടരുന്നു. ആയിരക്കണക്കിനു കുടുംബങ്ങള്‍ ഭീതിയോടെയാണു തീരത്തെ വീടുകളില്‍ അന്തിയുറങ്ങുന്നത്. അതേ സമയം പുലിമുട്ടുള്ള ഭാഗങ്ങളില്‍ വെള്ളം കയറുന്നില്ല. കടല്‍ഭിത്തി നിര്‍മ്മാണത്തിലെ പിഴവുമൂലമാണ് കടല്‍വെള്ളം കൂടുതലായി തീരത്തേക്ക് ഒഴുകിയെത്തുന്നതെന്നാണു തീരദേശവാസികള്‍ പറയുന്നത്. ഭിത്തിക്കിടയില്‍ കരിങ്കല്‍ ചീളുകളുകളുടെ പാക്കിംഗ് പലയിടത്തും കടത്തുകഴിച്ചാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല നായരമ്പലം വെളിയത്ത് പറമ്പ് കടപ്പുറത്ത് കടല്‍ഭിത്തിക്ക് തുണയായി ഭിത്തിയോട് ചേര്‍ന്ന് കിഴക്ക് ഭാഗത്തായി നിര്‍മ്മിച്ചിട്ടുള്ള കരിങ്കല്‍ വാട എടവനക്കാട് നിര്‍മ്മിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.