കൊല്ലം: വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനും വോട്ടര്‍ പങ്കാളിത്തമുറപ്പാക്കുതിനും ജില്ലയില്‍ നടപ്പാക്കുന്ന സ്വീപ്പ് പദ്ധതിയുടെ ലോഗോ,മാസ്കറ്റ് എന്നിവ ഇന്ന് പ്രകാശനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. കൊല്ലം ബീച്ചില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ സ്വീപ്പ് പരിപാടിക്കായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും നടക്കും. ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫാക്കല്‍റ്റികളായ രാധിക പ്രസാദ,് റ്റി.മനു, എല്‍ കെ ലീനസ്, കാമ്പസ് വാര്‍ഡന്‍ എന്‍. എസ്. സുസ്മിത എന്നിവരാണ് യഥാക്രമം ലോഗോയും, മാസ്കറ്റും, സിഗ്നേച്ചര്‍ ചിത്രവും, ടാഗ് ലൈനും തയാറാക്കിയത്.
സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, തിരുവനന്തപുരം എല്‍എന്‍സിപിഇ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ എയ്‌റോബിക്‌സ് പ്രകടനവും ചടങ്ങിനോടനുബന്ധിച്ചുണ്ടാകും. വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കാനും, ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്ക്കരണം നടത്തുകയുമാണ് സ്വീപ്പിലൂടെ ലക്ഷ്യമിടുന്നത്.വിവിധ കോളജ് കാമ്പസുകളില്‍ പ്രതേ്യക വോട്ടര്‍ ബോധവത്ക്കരണ പരിപാടികള്‍, വോട്ടത്തോണ്‍ എന്ന പേരില്‍ കൂട്ടഓട്ടം, സൈക്കിള്‍ റാലി തുടങ്ങിയവയും സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ സ്വീപ്പ് പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് കളക്ടര്‍ അറിയിച്ചു. സ്വീപ്പ് ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍, എഡിഎം മധുഗംഗാധര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് ഷാനവാസ്, ബി ചന്ദ്രിക, സായ് സെന്റര്‍ ഇന്‍ ചാര്‍ജ് സി.ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.