അമരവിള: കേരളത്തിന്റെ തെക്കന്‍ പ്രദേശത്തെ പ്രധാന ചെക്ക് പോസ്റ്റായ അമരവിള ഉള്‍പ്പെടെയുളള ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന പരാതി ഉയരുന്നു .അതിര്‍ത്തിയിലെ പന്ത്രണ്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ഒരു ഡ്യൂട്ടിയില്‍ പന്ത്രണ്ട് എക്സൈസ് ഗാര്‍ഡുകളും ആറ് ഇന്‍സ്പെക്ടര്‍ മാരും വേണമെന്നിരിക്കെ മുപ്പതിന് താഴെ ഗാര്‍ഡുകളും ആറ് ഇന്‍സ്പെക്ടര്‍മാരുമാണ് ആകെ പ്രവര്‍ത്തിക്കുന്നത്. അമരവിളയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പോസ്റ്റുണെ്ടങ്കിലും ഒരു വര്‍ഷത്തിനിടയില്‍ മൂന്നു പേരാണ് മാറി മാറി എത്തിയത്.
അതിര്‍ത്തിയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും ഇന്സ്പെക്ടര്മാരുണ്ടാകണമെങ്കിലും പല ചെക്ക്പോസ്റ്റുകളിലും ഇന്‍സ്പെക്ടര്‍മാരില്ല. മാറനല്ലൂര്‍ അരുവിക്കര, അരുവിപ്പുറം തുടങ്ങിയ ഇടങ്ങളില്‍ പലപ്പോഴും എക്സൈസ് ഗാര്‍ഡുകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്.അമരവിളയില്‍ ഔട്ട് ചെക്ക് പോസ്റ്റ് ഉള്‍പ്പെടെ ഒരു ഡ്യൂട്ടിയില്‍ പത്ത് എക്സൈസ് ഗാര്‍ഡുകളും രണ്ട് ഇന്‍സ്പെക്ടര്‍മാരും വേണമെന്നിരിക്കെ അഞ്ചിന് താഴെ എക്സൈസ് ഗാര്‍ഡുകളും ഒരു ഇന്‍സ്പെക്ടറുമാണ് പ്രവര്‍ത്തിക്കുന്നത്.
ഔട്ട് ചെക്ക് പോസ്റ്റില്‍ ഒരു എക്സൈസ് ഗാര്‍ഡ് മാത്രമാണുള്ളത്. നിലവില്‍ ജോലി ചെയ്യുന്നവരില്‍ പലരും സ്പെഷല്‍ ഡ്യൂട്ടിക്കാരാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഒഴിവുള്ള പോസ്റ്റുകളില്‍ നിയമനം നടത്തണമെന്നത് കാലങ്ങളായുളള ആവശ്യമാണെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.