കടയ്ക്കല്‍: ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളി അപകടത്തില്‍പ്പെട്ട് അത്യാസന നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. നിലമേലിലെ ലോഡിംഗ് തൊഴിലാളിയായ അബ്ദുള്‍ സലാമാ(53)ണ് രണ്ടാഴ്ചമുമ്പുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തില്‍പെട്ട അബ്ദുള്‍സലാമിന് പാര്‍ട്ടിനേതാക്കളുടെ സഹകരണമുണ്ടായാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്താന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 30 വര്‍ഷമായി സലാം നിലമേലിലെ ഐഎന്‍ടിയുസി വിഭാഗം ലോഡിംഗ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞമാസം 25ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരവെ നിലമേല്‍ കണ്ണങ്കോടിന് സമീപത്തുവച്ചാണ് അമിതവേഗതയിലെത്തിയ കാര്‍ ഇയാളെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സലാമിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ തിരുവനന്തപുപം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഓപ്പറേഷനുള്ള തുക കെട്ടിവയ്ക്കാന്‍ കഴിയാതിരുന്നതോടെ അഞ്ചുദിവസത്തെ ചികിത്സയ്ക്കുശേഷം ഇയാളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതവും രക്തം കെട്ടിനില്‍ക്കുന്നതും ഇയാളുടെ നില ദിനംപ്രതി വഷളാക്കിക്കൊണ്ടിരിക്കുകയാണ്.
പുനലൂര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടതെങ്കിലും ചടയമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഇയാള്‍ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. മരണത്തോട് മല്ലടിച്ച് ആത്യാസന നിലയില്‍ ചികിത്സയില്‍തുടരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍കൂടിയായ സലാമിനെ പാര്‍ട്ടിക്കാര്‍ തിരിഞ്ഞുനോക്കാത്തതാണ് ബന്ധുക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്.