അരുവിക്കരയില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കനത്ത മഴയിലും തളരാതെ സ്ഥാനാര്‍ഥികള്‍

TVM-ARUVIKKARAവിതുര: അരുവിക്കര കടക്കാന്‍ സ്ഥാനാര്‍ഥികള്‍ അവസാന പരിശ്രമത്തിലാണ്. എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വാഹന പര്യടനം ഇന്നും ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനം നാളെയും സമാപിക്കും. ഇന്നലെ കോരിച്ചൊരിഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥന്‍ ഇന്നലെ പൂവച്ചല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. കനത്ത മഴയെ തുടര്‍ന്ന സ്ഥാനാര്‍ഥി പര്യടനം ഇടയ്ക്കു തടസപ്പെട്ടു. എട്ടുമാസം എന്ന ചുരുങ്ങിയ സമയം കൊണ്ട് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയതും തുടങ്ങിവച്ചതുമായ വികസന പ്രവര്‍ത്തനങ്ങള്‍ ശബരി വിശദീകരിച്ചു. പിതാവായ ജി. കാര്‍ത്തികേയന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാനും യുഡിഎഫ് സ്ഥാനാര്‍ഥി പ്രത്യേകം ശ്രദ്ധിച്ചു. ഇന്നു ആര്യനാട് പഞ്ചായത്തില്‍ പര്യടനം സമാപിക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ.എ. റഷീദും ബിജെപി സ്ഥാനാര്‍ഥി രാജസേനനും ഇന്നലെ അരുവിക്കര പഞ്ചായത്തില്‍ പര്യടനം നടത്തി. കനത്ത മഴയെ അവഗണിച്ചു സ്ഥാനാര്‍ഥികള്‍ അല്പം വൈകിയാണെങ്കിലും സ്വീകരണ കേന്ദ്രങ്ങളില്‍ എത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരുവിക്കര പഞ്ചായത്തില്‍ നേടിയ മുന്‍തൂക്കം വര്‍ധിപ്പിക്കാനാകുമെന്നു ശുഭപ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും ബിജെപിയുടെ വര്‍ഗീയതയും റഷീദ് പ്രചരണത്തില്‍ മുഖ്യവിഷയമാക്കി. ഇന്നച്ചയോടെ വീരണകാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം അവസാനിക്കും.

ബിജെപി സ്ഥാനാര്‍ഥി രാജസേനന്‍ എല്‍ഡിഎഫിനെയും യുഡിഎഫ് നേയും ഒരുപോലെ കടന്നാക്രമിച്ചാണ് പ്രചാരണം നടത്തിയത്. ബംഗാളിലെ കൂട്ടുകാര്‍ കേരളത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതു അവസാനിപ്പിക്കാന്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നും രാജസേനന്‍ ആവശ്യപ്പെട്ടു. ഇന്നു ആര്യനാട് പഞ്ചായത്തില്‍ പര്യടനം തുടരും. നാളെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം അവസാനിക്കും.

Related posts