വൈപ്പിന്‍: തീരക്കടലില്‍ ചാകര വീണതോടെ അയല വില ഇടിഞ്ഞു. ഇന്നലെ കാളമുക്ക് ഗോശ്രീ പാലത്തിനു സമീപത്തുള്ള ആദായക്കടയില് കിലോവിനു 60 രൂപയ്ക്കാണ് അയല വിറ്റത്.
മറ്റ് മത്സ്യവില്‍പ്പന കേന്ദ്രങ്ങളിലും വന്‍ വിലയിടിവ് അനുഭവപ്പെട്ടു. എടവനക്കാട്, ചെറായി കരുത്തല മേഖലയില്‍ ഒന്നരകിലോയ്ക്ക് നൂറുരൂപ നിരക്കിലായിരുന്നു ഇന്നലത്തെ കച്ചവടം.
ഒരാഴ്ച മുമ്പ് കിലോയ്ക്ക് 260 രൂപക്ക് വിറ്റിരുന്ന ഇടത്തരം അയലയാണ് ഇപ്പോള്‍ തീരെ വിലകുറച്ച് വില്‍ക്കുന്നതെന്ന് കാളമുക്കിലെ മത്സ്യവ്യാപാരിയായ സുജിഷ് പറയുന്നു.
ലഭ്യത കൂടിയതുകൊണ്ട് മാത്രമല്ല കോവിഡ് മൂലം മത്സ്യം മറ്റ് മാര്‍ക്കറ്റുകളിലേക്ക് പഴയതുപോലെ കയറ്റിപ്പോകാത്ത സാഹചര്യവും വിലകുറയാന്‍ കാരണമാണെന്ന് കച്ചവടക്കാര്‍ പറയുന്നു.