വിഴിഞ്ഞം : വിനോദസഞ്ചാരികളുമായി ആഢംബരക്കപ്പല്‍ ഐലന്‍ഡ് സ്കൈ വീണ്ടും വിഴിഞ്ഞത്തെത്തി . ഇന്നലെ രാവിലെ ഏഴോടെയാണ് കപ്പല്‍ വിഴിഞ്ഞം പുതിയ വാര്‍ഫില്‍ നങ്കൂരമിട്ടത്.90 യാത്രക്കാരും 79 ജീവനക്കാരുമടങ്ങുന്ന സംഘത്തെ പോര്‍ട്ട് പര്‍സര്‍ എം.ടി.മോഹന്‍ദാസ്, കസ്റ്റംസ് സൂപ്പര്‍വൈസര്‍ ജെ.ദാസ്, വാര്‍ഫ് സൂപ്പര്‍വൈസര്‍ കെ.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബഹാമാസ് രജിസ്്രേടഷനുള്ള കപ്പല്‍ കൊച്ചിയില്‍ നിന്നാണ് വിഴിഞ്ഞത്തെത്തിയത്. സഞ്ചാരികള്‍ എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ക്കുശേഷം എട്ടുമണിയോടെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങി. തക്കല, പദ്മനാഭപുരം കൊട്ടാരം, കോവളം ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ ഡിസംബര്‍ ആറിനു വിഴിഞ്ഞത്ത് എത്തിയിരുന്ന ഐലന്‍ഡ് സ്കൈ പുതിയ സഞ്ചാരികളുമായാണ് ഇത്തവണ എത്തിയത്. യാത്രക്കാരില്‍ കൂടുതല്‍പേരും ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. ഫിലിപ്പിന്‍സില്‍ നിന്നുള്ളവരാണ് ജീവനക്കാരില്‍ 80 ശതമാനവും. ജീവനക്കാരുടെ കൂട്ടത്തില്‍ ഗോണ്‍സാല്‍വസ് ഗോര്ബിന് എന്ന ഇന്ത്യക്കാരനുമുണ്ട്. ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് ബാക്കിപേര്‍.
310 മുറികളുള്ള ഐലന്റ് സ്കൈയില്‍ സ്വിമ്മിങ്പൂള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, റസ്റ്ററന്റ്, മിനി ഹോസ്പിറ്റല്‍, സ്വീകരണമുറി, ആര്‍ട്ട് ഗ്യാലറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. വൈകുന്നേരം ആറോടെ കപ്പല്‍ സഞ്ചാരികളുമായി കൊളംബോയ്ക്ക് യാത്ര തിരിച്ചു. അടുത്ത മാസം 10ന് ഐലന്‍ഡ് സ്കൈ വീണ്ടും വിഴിഞ്ഞത്തെത്തുന്നുണ്ട്. ഏപ്രിലില്‍ അര്ട്ടേനിയ എന്ന ഭീമന് കപ്പല്‍ ആദ്യമായി വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തും. 18 നിലകളുള്ള ഈ കപ്പലില്‍ 1000 യാത്രക്കാരും 1800 ജീവനക്കാരും ഉണ്ടായിരിക്കും.