കൊട്ടാരക്കര: അലോപ്പതി മരുന്നുവില്‍പ്പനശാലകളും മരുന്ന് മൊത്ത വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വ്യാപാരം വന്‍തോതില്‍ നടന്നുവരുന്നു. ഉപയോഗിക്കുന്നവര്‍ക്ക് മാരക രോഗങ്ങള്‍പിടിപെടാനും ബുദ്ധിമാന്ദ്യത്തിനുവരെ സാധ്യതയുള്ള മരുന്നുകളാണ് ലഹരിക്കായി വില്‍ക്കുന്നത്. പോലീസ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ വിഭാഗത്തില്‍നിന്ന് കാര്യമായ പരിശോധനകള്‍ ഉണ്ടായിട്ടില്ല.
ചെറുകിട മെഡിക്കല്‍ സ്റ്റോറുകളും മൊത്ത വ്യാപാരസ്ഥാപനങ്ങളുമാണ് ചില അവശ്യമരുന്നുകള്‍ ലഹരിക്കായി ഉപയോഗപ്പെടുത്തി കൊള്ളലാഭം നേടിവരുന്നത്. ചിലതരം വേദനസംഹാരികള്‍, ശസ്ത്രക്രിയാ മരുന്നുകള്‍ പ്രസവാവശ്യത്തിനും കാന്‍സറിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ലഹരിക്കായി ഉപയോഗിച്ചുവരുന്നത്. കൗമാരക്കാരാണ് ഇതിന്റെ ഉപയോക്താക്കളില്‍ ഏറെയും. മെഡിക്കല്‍ സ്റ്റോറുകളുമായി ബന്ധം സ്ഥാപിച്ചാണ് ഇരട്ടിയിലധികം വില നല്‍കി ഇതുവാങ്ങുന്നത്. മരുന്ന് മൊത്ത വ്യാപാരസ്ഥാപനങ്ങളില്‍നിന്നും ഇവ മൊത്തമായി വാങ്ങുന്ന ഇടനിലക്കാരുണ്ട്. ഇവരിത് ആവശ്യക്കാര്‍ക്ക് വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കുന്നു.
സ്വകാര്യ ക്ലിനിക്കുകളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും വ്യാജ ലെറ്റര്‍ പാഡും സീലും ഉപയോഗിച്ച് മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നും ലഹരിമരുന്ന് കടത്തുന്ന സംഘങ്ങളും സജീവമാണ്. പുനലൂരിലും കൊട്ടാരക്കരയിലും ഇത്തരം സംഘങ്ങള്‍ ഉള്ളതായി അടുത്തകാലത്ത് വെളിപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റോറുകളിലേയും സ്വകാര്യ ക്ലിനിക്കുകളിലെയും ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് ഈ തട്ടിപ്പ് നടത്തിവരുന്നത്. ചിലതരം വേദന സംഹാരികള്‍ ശീതളപാനിയത്തില്‍ കലര്‍ത്തി കഴിക്കുമ്പോള്‍ ലഹരിലഭിക്കും.
കുറഞ്ഞചെലവില്‍ ലഭ്യമാകുന്ന ഈ ലഹരിക്ക് അടിമപ്പെട്ടിട്ടുള്ളവരിലേറെയും വിദ്യാര്‍ഥികളാണ്. ഇത്തരം ഗുളികകള്‍ വിദ്യാലയ പരിസരങ്ങളിലെ കടകളില്‍ പോലും ലഭിക്കുന്നതായാണ് വിവരം. കരളിനേയും ഹൃദയത്തേയും ബാധിക്കുന്ന ഈ ലഹരി വിദ്യാര്‍ഥികളുടെ ബുദ്ധിവികാസത്തേയും തടസപ്പെടുത്തുന്നു.
സിഞ്ചുബറീസ് പോലുള്ള തുള്ളിമരുന്ന് ചേര്‍ത്ത് ലഹരിപാനിയം വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും വിരളമല്ല.അരിഷ്ടകടകളില്‍ ലഹരി വര്‍ധിപ്പിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നുള്ള ഇത്തരം തുള്ളിമരുന്നുകളും ഉപയോഗിച്ചുവരുന്നു. ഇതിന്റെ അളവ് കൂടിയാല്‍ തലച്ചോറിനെ ബാധിക്കുകയും കാഴ്ചശക്തിനഷ്ടപ്പെടുകയും മരണംവരെ സംഭവിക്കുകയും ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചലില്‍ ഇത്തരം ദുരന്തം ഉണ്ടായിട്ടുണ്ട്.