ഏറ്റവും അധികം പേര്‍ കാത്തിരുന്ന മോഡലാണ് പുതിയ ഇന്നോവ. ഇന്നോവ ക്രിസ്റ്റ എന്ന പുതിയ മോഡലിന് മുന്‍ഗാമിയെക്കാള്‍ ഭംഗിയും വലുപ്പവും ആഡംബരവും കരുത്തും എല്ലാം കൂടുതലുണ്ട്. ജൂണില്‍ പുതിയ ഇന്നോവ വിപണിയിലെത്തും.
കൊറോള ആള്‍ട്ടിസ്, കാംമ്രി മോഡലുകളെ ഓര്‍മിപ്പിക്കുന്ന മുന്‍ഭാഗമാണ് ഇന്നോവ ക്രിസ്റ്റയ്ക്ക്. വലിയ ഹെക്‌സ്ഗണല്‍ ഗ്രില്‍ എംപിവിയുടെ റോഡ് പ്രസന്‍സ് കൂട്ടുന്നു. വശങ്ങളില്‍ നിന്നുള്ള കാഴ്ചയ്ക്ക് പഴയതുപോലെ വാന്‍ രൂപം തന്നെ. പിന്‍ഭാഗത്ത് വിന്‍ഡ് ഷീല്‍ഡ്, ടെയ്ല്‍ ലാംപ്, ഡിക്കി ഡോര്‍, ബമ്പര്‍ എന്നിവയ്‌ക്കെല്ലാം മാറ്റമുണ്ട്.
പുതിയ ടിഎംജിഎ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച രണ്ടാം തലമുറ ഇന്നോവയ്ക്ക് മുന്‍ഗാമിയെക്കാള്‍ ഭാരക്കുറവുണ്ട്. അതേസമയം മുന്‍ഗാമിയെക്കാള്‍ വലുപ്പം കൂടിയിട്ടുണ്ട്. പുതിയ ഇന്നോവയുടെ ബോഡി അളവുകള്‍ ഇപ്രകാരമാണ് (പഴയ മോഡലുമായുള്ള വ്യത്യാസം ബ്രാക്കറ്റില്‍) . വീല്‍ബേസ് 2750 മിമീ (മാറ്റമില്ല) , നീളം 4735 മിമീ (150 മിമീ അധികം) , വീതി 1830 മിമീ (65 മിമീ അധികം) , ഉയരം 1795 മിമീ (35 മിമീ അധികം).
പുതുപുത്തനാണ് എന്‍ജിന്‍. 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ജിഡി സീരീസ് ഡീസല്‍ എന്‍ജിനുകള്‍ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. പഴയ 2.5 ലീറ്റര്‍ ഡീസല്‍ കെഡി സീരീസ് (102 ബിഎച്ച്പി) എന്‍ജിനു പകരമായെത്തിയ 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 45 ബിഎച്ച്പി കരുത്ത് അധികമുണ്ട്, 147 ബിഎച്ച്പി. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ പവര്‍ അടക്കമുള്ള വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് രണ്ട് എന്‍ജിനുകള്‍ക്കും ഓപ്ഷനായി ലഭിക്കും.
ഇന്റീരിയറിലും വലിയ മാറ്റങ്ങള്‍ കാണാം. പൂര്‍ണ്ണമായും പുതിയ ഡാഷ്‌ബോര്‍ഡില്‍ ഏഴിഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുണ്ട്. സ്റ്റിയറിങ്ങിന്റെ ചെരിവും ഉയരവും ക്രമീകരിക്കാനാവും.
ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കൂളിങ് ഗ്ലൗ ബോക്‌സ്, എല്‍ഇഡി മൂഡ് ലൈറ്റിങ് എന്നിവയും പുതുമകളാണ്. സുരക്ഷയുടെ കാര്യത്തില്‍ പുതിയ ഇന്നോവയ്ക്ക് മികവുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയര്‍ബാഗുകള്‍ ലഭിക്കും. അടിസ്ഥാന വകഭേദത്തിനും പോലും എബിഎസും രണ്ട് എയര്‍ബാഗുകളുമുണ്ട്.
2005 മാര്‍ച്ചിലായിരുന്നു ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2009 ലും 2011 ലും 2013 ലും മോഡല്‍ പരിഷ്കാരം നടന്നു.