കുണ്ടറ: ഇളമ്പള്ളൂര്‍ പുനനുക്കന്നൂരില് ബിഎസ്എന്‍എല്‍ ജീവനക്കാരന് മധുസൂദനന് പിള്ളയും കുടുംബവും ജീവനൊടുക്കേണ്ടിവന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി പ്രിന്‍സ് പണിക്കറുടെ അനധികൃതമായ വിവിധ ഇടപാടുകളുടെ കുറിച്ചുള്ള അന്വേഷണം പ്രഹസനമാക്കരുതെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ ആത്മാര്‍ഥവും മാതൃകാപരവുമാണോ എന്ന് നിരീക്ഷിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ജി മോഹനന്, എ റഹീകുട്ടി എന്നിവര്‍ അറിയിച്ചു.
വളരെ കുറഞ്ഞകാലയളവിനുള്ളില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തി പ്രിന്‍സ് പണിക്കറുടെ സമ്പാദ്യത്തിന്റെ സ്രോതസ് കുറ്റമറ്റ അന്വേഷണത്തിലൂടെ കണ്ടെത്തുക, സാധാരണക്കാരായ നിരവധിപേരില്‍നിന്നും പ്രമാണങ്ങള്‍ ഉള്‍പ്പെടെ കരസ്ഥമാക്കി കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുത്ത ഇയാളെ ഓപ്പറേഷന് കുബേരയില്‍ ഉള്‍പ്പെടുത്തി ശിക്ഷണനടപടികള്‍ സ്വീകരിക്കുക, പഞ്ചായത്ത് ലൈസന്‍സുപോലും ഇല്ലാതെ ഗുണ്ടകളുടെ സഹായത്താല്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിവന്നിരുന്ന രണ്ട് ലോഡ്ജുകളിലേയും ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ച് അടച്ചുപൂട്ടിക്കുക, പ്രതിയ്ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തി കേസെടുക്കുക, വക്കീല്‍ പ്രൊഫഷനുപോലും വളരെയേറെ കളങ്കം വരുത്തിയ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രിന്‍സിന്റെ സനദ് റദ്ദുചെയ്യുന്നതിന് ബാര്‍ കൗണ്‍സില്‍ സത്വര നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.
പ്രതിയുടെ ക്രൂരമായ പീഡനത്തിന് വിധേയമായ പരാതിക്കാര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കാനും കുണ്ടറ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയമസഹായങ്ങള്‍ ആവശ്യമുള്ളവര്‍ 9495291936 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.