പാപ്പനംകോട് രാജന്
നേമം: ഷാജുവിന്റെ വീട്ടിലെ കാറ്റിന് ഔഷധ സുഗന്ധം. മൂന്നൂറിലേറെ ഔഷധ ഗുണമുള്ള സസ്യങ്ങളാണ് വീട്ടിന്റെ മട്ടുപ്പാവില്‍ ഷാജു നട്ടുവളര്‍ത്തി പരിപാലിക്കുന്നത്. കരുമം മരുതൂര്‍കടവ് മയൂരം ലെയ്നിലെ വീട്ടിലെ 1000 ചതുരശ്ര അടിയിലുള്ള മട്ടുപ്പാവിലാണ് ബോണ്‍സായി ഇനത്തിലുള്ള ഔഷധ ചെടികള്‍ വളര്‍ത്തുന്നത്.
ആയുര്‍വ്വേദ ഔഷധ ഗണത്തില്‍പ്പെട്ട ചെറുമരങ്ങളാണ് സസ്യതോട്ടത്തിലേറെയും. ഐഎസ്ആര്‍ഒയിലെ ജൂനിയര്‍ എഞ്ചിനീയറും പ്രകൃതി സ്നേഹിയുമായ വി. ഷാജുവിനോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് വയസുള്ളപ്പോള്‍ മകള്‍ മമത അരി കായ്ക്കുന്ന മരം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ഇതിനെ തുടര്‍ന്നാണ് മകള്‍ക്ക് നെല്‍കൃഷി മട്ടുപ്പാവില്‍ ചെയ്തുകാണിച്ചുകൊടുത്തത്. പിന്നീട് ഔഷധ ചെടികള്‍ ശേഖരിച്ച് തോട്ടം നിര്‍മ്മിക്കുകയായിരുന്നു ഷാജു. നാലു തവണ നടത്തിയ ഹിമാലയ യാത്രയില്‍ കണ്ടെത്തി ശേഖരിച്ച നിരവധി ഔഷധ സസ്യങ്ങളും ഷാജുവിന്റെ മട്ടുപ്പാവിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വന പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച ഔഷധചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഓരോ ഔഷധചെടിയിലും ശാസ്ത്രീയ നാമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വൃക്കരോഗികള്‍ക്കുള്ള സിദ്ധൗഷധമായ പൂച്ചപഴം, പഞ്ചസാരയെക്കാള്‍ മധുരം നുകരുന്ന ഇലകളുള്ള ചെടി, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമായ മക്കോട്ടദേവ, പേപ്പട്ടി വിഷത്തിന് സിദ്ധൗഷധമായ തവിട്ട, സോറിയാസിസ് രോഗികള്‍ക്ക് ഔഷധത്തിനുള്ള ദന്തപാല, മുണ്ടിനീരിന് അത്യുത്തമമായ സമുദ്രക്ക തുടങ്ങീ കൊതുകിന്റെ ശത്രുവായ കൊതുക് വിരട്ടി ഇരുപ്പതിലധികം ഇനം തുളസിചെടികള്‍, ആപ്പിള്‍ ജാംബ, പച്ചനിറത്തില്‍ പൂവുകളുള്ള റോസ്, പഴുതാരയുടെ ആകൃതിയില്‍ ഇലകളുള്ള പഴുതാരവല്ലി, 17 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് ശേഷം പൂത്ത കണിക്കൊന്ന, 12 വര്‍ഷത്തിലൊരിക്കല്‍ കായ്ക്കുന്ന കല്ല് വാഴ തുടങ്ങീ മുന്നൂറോളം വിവിധ തരത്തിലുള്ള ചെറു ഔഷധ മരങ്ങളുടെ ശേഖരമാണുള്ളത്്. വളര്‍ച്ചയ്ക്ക് അനുസരിച്ച് തടിയുടെ നിറം മാറുന്ന റെയിന്‍ബോ ട്രീ ഇവിടത്തെ പ്രത്യേകതയാണ്.
വിവിധ ഇനത്തില്‍പ്പെട്ട അഞ്ച് വിത്തുകള്‍ ഒറ്റത്തടിയാക്കി മുളപ്പിച്ചെടുത്ത മാവും ആകര്‍ഷണീയമാണ്. ശിഖരങ്ങള്‍ വളരുന്നതിനുസരിച്ച് ഒരുക്കുന്ന സ്ഥലത്ത് സ്വയം സജ്ജമായി വളരുകയാണ് ചെയ്യുന്നത്. പാഴ് വസ്തുക്കളായി വലിച്ചെറിയുന്ന ഉപയോഗ ശൂന്യമായ സ്യൂട്ട്കേസുകള്‍ പാത്രങ്ങള്‍, പ്ലാസ്റ്റിക് ടിന്നുകള്‍ തുടങ്ങിയവയിലാണ് ചെടിനട്ട് പിടിപ്പിക്കുന്നത്. നമ്മള് ദൈനംദിനം ഉപേക്ഷിക്കുന്ന നിരവധി പാഴ് വസ്തുക്കളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഷാജു കാട്ടിത്തരികയാണ്.
ഓരോ വീട്ടിലും ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതിന്റെ പ്രാധാന്യവും ഷാജു തന്റെ സസ്യത്തോട്ടം കാണാനെത്തുന്നവര്‍ക്ക് വിവരിച്ചു നല്‍കും. ഔഷധ സസ്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു അധ്യാപകന് കൂടിയാണ് ഈ എഞ്ചിനീയര്‍. ഈ അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ ശേഖരമറിഞ്ഞ് ഷാജുവിനെ കവടിയാര്‍ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അഭിനന്ദിച്ചിട്ടുണ്ട്. കൂടാതെ സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമായ നിരവധിപേര്‍ ഷാജുവിന്റെ ഔഷധ സസ്യങ്ങളുടെ കലവറ സന്ദര്ശിക്കുവാനെത്താറുണ്ട്. ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായ ജലജകുമാരിയാണ് ഭാര്യ.