ഉന്നം തെറ്റാതെ അഭിനവ്

sp-abinavuഅജിത് ജി. നായര്‍

നീണ്ട 112 വര്‍ഷങ്ങള്‍ അതു വേണ്ടിവന്നു ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ ഏകനായ ഒരു വിജയിയെ ലഭിക്കാന്‍. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിമ്പിക് വേദിയില്‍ ജനഗണമന മുഴങ്ങിയപ്പോള്‍ 120 കോടി ഇന്ത്യക്കാര്‍ സന്തോഷപുളകിതരായി. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്ര തന്റെ അവസാന ഒളിമ്പിക്‌സിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. 2004ല്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് നേടിയ വെള്ളി ബിന്ദ്ര ബെയ്ജിംഗില്‍ സ്വര്‍ണമാക്കി. അതിനു ശേഷം ഒരു ഒളിമ്പിക്‌സ് കൂടി കടന്നുപോയെങ്കിലും ആ നേട്ടം ആവര്‍ത്തിക്കാന്‍ മറ്റൊരാള്‍ക്കും സാധിച്ചിട്ടില്ല. തന്റെ മൂന്നാം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ബിന്ദ്ര കരിയറിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ഒളിമ്പിക്‌സിനിറങ്ങുമ്പോള്‍ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഗഗന്‍ നരംഗ്, ജിത്തു റായ് തുടങ്ങിയ മികച്ചതാരങ്ങളും റിയോയില്‍ ഇറങ്ങുന്നുണെ്ടങ്കിലും അഭിനവ് ബിന്ദ്രയിലേക്കാണ് ഏവരുടേയും കണ്ണുകള്‍. സ്വര്‍ണനേട്ടത്തിനായി അഭിനവ് നടത്തുന്ന വേറിട്ട പരിശീലനമുറകളും ഇതിനകം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. തന്റെ ഇഷ്ട ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇക്കുറിയും ബിന്ദ്ര പോരാടാനിറങ്ങുന്നത്.

അതികഠിനമായ പരിശീലനം

ജനിച്ചത് സമ്പന്ന കുടുംബത്തിലായത് ബിന്ദ്രയുടെ നേട്ടത്തിന് കാരണമായി ചിലര്‍ പറയുന്നു. മറ്റു ഷൂട്ടര്‍മാര്‍ പരിമിതമായ സാഹചര്യങ്ങളില്‍ പരിശീലിക്കുമ്പോള്‍ കോടികള്‍ മുടക്കി വീടിനുള്ളില്‍ പണിത ഷൂട്ടിംഗ് റേഞ്ചിലെ പരിശീലനമാണ് ബിന്ദ്രയ്ക്ക് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിക്കൊടുത്തതെന്നാണ് ആരോപണം.

എന്നിരുന്നാലും ബിന്ദ്രയുടെ പരിശീലനമുറകള്‍ വേറിട്ടതാണ്. റിയോയില്‍ സ്വര്‍ണം വെടിവച്ചിടാനൊരുങ്ങുന്ന താരങ്ങള്‍ ഷൂട്ടിംഗ് റേഞ്ചില്‍ പരമാവധി സമയം ചിലവിടുമ്പോള്‍ ബിന്ദ്രയുടെ പരിശീലനം മറ്റൊരു രീതിയിലാണ്. ഇപ്പോള്‍ മ്യൂണിക്കിലുള്ള ബിന്ദ്ര നാഡീവ്യൂഹം ബലപ്പെടുത്താനുള്ള പരിശീലനത്തിലാണ്. ഇതിനായി വൈദ്യുത-കാന്തിക തരംഗങ്ങള്‍ ശരീരത്തിലൂടെ കയറ്റിവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതുവഴി തരംഗങ്ങള്‍ നേരിട്ടു നാഡീവ്യൂഹത്തിലെത്തുകയും ഇതുവഴി നാഡീവ്യൂഹം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് കരുതുന്നത്. അഭിനവ് ബിന്ദ്രയുടെ പിതാവാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും അത്ര നിസാരമല്ല കാര്യങ്ങള്‍. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നു സാരം. ഇത്തരം വ്യത്യസ്തമായ പരിശീലന പരിപാടികള്‍ ബിന്ദ്ര മുമ്പും നടത്തിയിട്ടുണ്ട്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിനു മുന്നോടിയായി മണ്ണില്‍ നാട്ടിയ 40 അടി ഉയരമുള്ള കമ്പിയില്‍ കുത്തനെ പിടിച്ചു കയറിയായിരുന്നു ബിന്ദ്രയുടെ പരിശീലനം. മത്സരത്തിന്റെ സമ്മര്‍ദഫലമായുണ്ടാകുന്ന പേടിയെ അതിജീവിക്കാന്‍ വേണ്ടിയായിരുന്നു അത്തരത്തിലൊരു പരിശീലനം. ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടമായിരുന്നു അനന്തരഫലം.

ഉന്നം തെറ്റാത്ത ജീവിതം

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 1982 സെപ്റ്റംബര്‍ 28നാണ് അഭിനവ് സിംഗ് ബിന്ദ്ര എന്ന ഇന്ത്യയുടെ സുവര്‍ണതാരത്തിന്റെ ജനനം. സമ്പന്നമായ കുടുംബത്തില്‍ ജനിച്ച ബിന്ദ്രയ്ക്ക് ചെറുപ്പം മുതല്‍തന്നെ ഷൂട്ടിംഗില്‍ കമ്പമുണ്ടായിരുന്നു. 2002ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടുമ്പോള്‍ വെറും 19 വയസായിരുന്നു ബിന്ദ്രയ്ക്കു പ്രായം. ടീമിനത്തിലായിരുന്നു അന്നു സ്വര്‍ണനേട്ടം. വ്യക്തിഗത ഇനത്തില്‍ വെള്ളി നേടാനും അന്നു ബിന്ദ്രയ്ക്കു കഴിഞ്ഞു. 2006ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനത്തില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചെങ്കിലും വ്യക്തിഗത ഇനത്തില്‍ വെങ്കലമെഡല്‍ നേടാനേ അഭിനവിനു കഴിഞ്ഞുള്ളൂ. അതേവര്‍ഷം സാഗ്രെബില്‍ നടന്ന ഷൂട്ടിഗ് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ബിന്ദ്ര ആ വിഷമം തീര്‍ത്തു. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും സ്വന്തമായി. പിന്നീടായിരുന്നു ഐതിഹാസിക നേട്ടം കുറിച്ച ബെയ്ജിംഗ് ഒളിമ്പിക്‌സ്. കെ.ഡി. യാദവ്, ലിയാന്‍ഡര്‍ പെയ്‌സ്, കര്‍ണ്ണം മല്ലേശ്വരി, രാജ്യ വര്‍ധന്‍ സിംഗ് റാത്തോഡ് എന്നിവരിലൂടെ വ്യക്തിഗത ഇനത്തില്‍ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള ഇന്ത്യയുടെ സ്വര്‍ണകാത്തിരിപ്പിന് ബെയ്ജിംഗില്‍ ബിന്ദ്ര വിരാമമിട്ടു.

2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനത്തില്‍ സ്വര്‍ണം നേടി ബിന്ദ്ര സുവര്‍ണ ഹാട്രിക് തികച്ചു. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്റെ ഇഷ്ടഇനത്തില്‍ വ്യക്തിഗത സ്വര്‍ണം നേടാനും ബിന്ദ്രയ്ക്കായി. എന്നാല്‍, 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 16-ാമനാകാനേ ബിന്ദ്രയ്ക്കു കഴിഞ്ഞുള്ളൂ. അതേയിനത്തില്‍ മത്സരിച്ച മറ്റൊരിന്ത്യന്‍ താരമായ ഗഗന്‍ നരംഗ് വെങ്കലം നേടുകയും ചെയ്തു.

ഒളിമ്പിക്‌സില്‍ ബിന്ദ്ര

2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ മത്സരിക്കുമ്പോള്‍ പതിനേഴു വയസുമാത്രമായിരുന്നു ബിന്ദ്രയുടെ പ്രായം. ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞതാരവും മറ്റാരുമായിരുന്നില്ല. 2004ല്‍ ആഥന്‍സിലെത്തിയ ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഒളിമ്പിക് റിക്കാര്‍ഡ് ഭേദിച്ചുവെങ്കിലും മെഡല്‍ നേടുന്നതില്‍ പരാജയപ്പെട്ടു. യോഗ്യതാ റൗണ്ടില്‍ 597 പോയന്റ് സ്‌കോര്‍ ചെയ്ത ബിന്ദ്ര ചൈനീസ് താരങ്ങളായ സ്യൂ ക്വിനാനും(599), ലീ ജീ(598)യ്ക്കും പിന്നിലായി ഫൈനലില്‍ കടന്നു. എന്നാല്‍, ഫൈനലില്‍ എട്ടു പേരില്‍ അവസാനക്കാരനാവാനേ ബിന്ദ്രയ്ക്കു കഴിഞ്ഞുള്ളൂ. 2008ല്‍ ബെയ്ജിംില്‍ 596 പോയിന്റുമായി നാലാമനായായിരുന്നു ബിന്ദ്രയുടെ ഫൈനല്‍ പ്രവേശം. എന്നാല്‍, ഫൈനലില്‍ ആകെ 700.5 പോയിന്റു നേടിയ ബിന്ദ്ര സ്വര്‍ണം വെടിവച്ചിട്ടു. ഫൈനലിലെ ഫിന്നിഷ് താരം ഹെന്‍റി ഹാക്കിനെനുമായി പോയന്റില്‍ തുല്യത പാലിച്ച ബിന്ദ്ര അവസാന ഷോട്ടിലാണ് സ്വര്‍ണം കൈയിലാക്കിയത്. അവസാന ഷോട്ടില്‍ ബിന്ദ്ര 10.8 പോയിന്റ് നേടിയപ്പോള്‍ 9.7 പോയന്റ് നേടിയ ഹാക്കിനെന്‍ വെങ്കലവുമായി മടങ്ങി. എന്നാല്‍, ബെയ്ജിംഗിലെ പ്രകടനം ലണ്ടനില്‍ ആവര്‍ത്തിക്കാനാകാതെ പോയി.

ചില അപൂര്‍വ നേട്ടങ്ങള്‍

ക്വാലാലംപൂരില്‍ 1998ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ബിന്ദ്രയ്ക്ക് വെറും പതിനഞ്ചു വയസുമാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ബിന്ദ്രയായിരുന്നു. 2001ല്‍ മ്യൂണിക്കില്‍ നടന്ന ഷൂട്ടിംഗ് ലോകകപ്പില്‍ വെങ്കലം നേടിയ ബിന്ദ്ര 600ല്‍ 597 പോയന്റ് നേടി ജൂനിയര്‍ ലോക റിക്കാര്‍ഡ് കുറിച്ചു. 2000ല്‍ അര്‍ജുന അവാര്‍ഡ് നേടുമ്പോള്‍ പതിനെട്ടു വയസു മാത്രമായിരുന്നു പ്രായം. 2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സിലെ പ്രായം കുറഞ്ഞ ഇന്ത്യന്‍താരവും ബിന്ദ്ര തന്നെയായിരുന്നു. 2001ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടുമ്പോള്‍ പ്രായം 20 വയസ് മാത്രം.

ആത്മകഥ

എ ഷോട്ട് അറ്റ് ഹിസ്റ്ററി എന്നാണ് ബിന്ദ്രയുടെ ആത്മകഥയുടെ പേര്. ബെയ്ജിംഗില്‍ നേടിയ ചരിത്രസ്വര്‍ണത്തിന്റെ സ്മരണയ്ക്കായാണ് ആത്മകഥയക്ക് ഈ പേരു നല്‍കിയത്. കളിയെഴുത്തുകാരന്‍ രോഹിത് ബ്രിജ്‌നാഥുമായി ചേര്‍ന്നാണ് ഇതെഴുതിയത്. പുസ്തകം പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെടുത്തു. 2011 ഒക്ടോബര്‍ 27ന് അന്നത്തെ കായിക മന്ത്രിയായ അജയ് മാക്കന്‍ പുസ്തകം പ്രകാശനം ചെയ്തു. വരുണ്‍ ധവാന്‍ നായകനായി അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

Related posts