ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ekm-hamed-ansariകൊച്ചി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനം പ്രമാണിച്ച് നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഡിഎച്ച് റോഡ്, എംജി  റോഡില്‍ ജോസ് ജംഗ്ഷന്‍ മുതല്‍ തേവര ജംഗ്ഷന്‍ വരെ, വാത്തുരുത്തി റെയില്‍വേ ഗേറ്റ്, ബിടിഒ ഈസ്റ്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

ഉച്ചവരെ ഒരു വാഹനവും ഈ  റോഡുകളിലോ സമീപമോ നിറുത്തിയിടാന്‍ അനുവധിക്കില്ല. ഉപരാഷ്ട്രപതിയുടെ വാഹനം കടന്നുപോകുന്നതിന് 20 മിനിറ്റ് മുന്‍പ് ഈ റോഡുകളിലേക്ക് ഇടറോഡുകളില്‍ നിന്നുള്ള ഗതാഗതം തടസപ്പെടുത്തും.എന്നാല്‍, ആംബുലന്‍സ്, അഗ്നിശമനസേന എന്നിവയ്ക്ക് കടന്നു പോകാന്‍ പോലീസ് സൗകര്യമൊരുക്കും.

ഈ സമയത്ത് അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവധിക്കു. ഈ റോഡുകളില്‍ ഉച്ചവരെ ലോറി ഗതാഗതം അനുവധിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു.     മേനക വഴി പശ്ചിമ കൊച്ചിക്കു എത്തേണ്ട സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കച്ചേരിപ്പടിയില്‍ തിരിഞ്ഞ് ചിറ്റൂര്‍ റോഡ്-എസ്എ റോഡ്-വൈറ്റില-കുണ്ടന്നൂര്‍ വഴി പോകണം.

പശ്ചിമ കൊച്ചിയില്‍ നിന്ന് മേനക ഭാഗത്തേക്ക് എത്തേണ്ട വാഹനങ്ങള്‍ ബിഒടി ജംഗ്ഷനില്‍ തിരിഞ്ഞ് കുണ്ടന്നൂര്‍-വൈറ്റില-എസ്എ റോഡ്-കതൃക്കടവ് വഴി പോകണം. വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിദ്യാധനം സ്‌കോളര്‍ഷിപ്പിന്റെ വിതരണം നിര്‍വഹിക്കാനാണ് ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. ഉച്ചയ്ക്ക് 12.55ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിയിലേക്കു മടങ്ങും.

Related posts