ചൈനയ്ക്കുള്ളിൽ എന്ത് നടക്കുന്നുവെന്നത് ഇപ്പോഴും പുറലോകത്തിന് എത്തുംപിടിയും കിട്ടാത്ത വിഷയമാണ്. സർക്കാർ അറിയിക്കുന്ന വിവരമല്ലാത്ത ഒന്നും ആ രാജ്യത്തിൽ നിന്ന് പുറത്തുപോകില്ല. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന മനുഷ്യവകാശലംഘനങ്ങൾ അധികം പുറംലോകമറിയാറില്ല.
ഇപ്പോൾ പുറത്തുവരുന്നതും അത്തരമൊരു വാർത്തയാണ്. ചൈന 260 ‘തടങ്കൽപ്പാളയങ്ങൾ’ രഹസ്യമായി നിർമ്മിച്ചിട്ടുണ്ടെന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉയിഗർ മുസ്ലിമുകളെ പാർപ്പിക്കാൻ വേണ്ടിയാണത്രേ ഈ തടങ്കൽപാളയങ്ങൾ നിർമിച്ചിരിക്കുന്നത്. സിൻജിയാങിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
സിൻജിയാങിനെ ചൈനയിൽനിന്നു വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കാൻ ഉയിഗർ വംശജർ ശ്രമിക്കുമെന്നതാണ് ബെയ്ജിങ്ങിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാന ആശങ്ക. ഇസ്ലാം മതവിശ്വാസികളായ ഉഉയിഗർ വിഭാഗക്കാർ രാജ്യത്തിനു ഭീഷണിയാണെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ പൊതു നിലപാട്.
ജനങ്ങള് ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം കാമറകൾ സ്ഥാപിച്ച് ഉയിഗറുകളെ ചൈന എല്ലായ്പ്പോഴും നിരീക്ഷിക്കുന്നു. മുപ്പത് ലക്ഷത്തോളം ഉയിഗറുകളെ ചൈന തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിൻജിയാങിൽ നിന്ന് ഉയിഗർ വിഭാഗക്കാർ അടക്കമുള്ള ന്യൂനപക്ഷ തടവുകാരെ കുത്തിനിറച്ചുകൊണ്ടു പോകുന്ന ട്രെയിനിന്റെ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. നീലയും വെള്ളയും വസ്ത്രം ധരിച്ച തടവുകാരുടെ ശിരസ് മുണ്ഡനം ചെയ്തിരിക്കുന്നു.
കണ്ണുകൾ മൂടിക്കെട്ടിയ നിലയിലാണ്. കയ്യിൽ വിലങ്ങ് അണിയിച്ചിട്ടുണ്ട്. തറയിൽ ഇരിക്കുന്ന തടവുകാരെ പോലീസ് കൂട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.
എന്നാൽ ഇതെല്ലാം പുനർവിദ്യാഭ്യാസ സ്ഥലാപനങ്ങളാണെന്നാണ് ചൈനീസ് വാദം. എല്ലാ തടവുകാരെയും “ബിരുദം” നേടി അവരുടെ ജീവിതത്തിലേക്ക് മടങ്ങാൻ അനുവദിച്ചതായി ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു.
എന്നാൽ പുറത്തുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത് ക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്നാണ്. മുമ്പ് തടവുകാരെ ഉപയോഗശൂന്യമായ സ്കൂളുകളിലും മറ്റ് പൊതു കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ക്യാമ്പുകളിലാണ് പാർപ്പിച്ചിരുന്നത്.
പുതിയ കേന്ദ്രങ്ങളിൽ കുറഞ്ഞത് 10,000 പേരെ പാർപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് ചിത്രങ്ങളുടെ വിശകലനം ചെയ്ത് വിദഗ്ധർ പറയുന്നത്. തടങ്കലിൽപ്പെടാത്ത ഉയിഗർ പോലും പീഡനവും ഉപദ്രവവും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിർബന്ധിത വന്ധ്യംകരണമടക്കമുള്ളവ ഇവർ നേരിടേണ്ടി വരുന്നുണ്ട്.