എടിഎം തട്ടിപ്പ്: ജനങ്ങള്‍ ആശങ്കയില്‍

ATM1പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ രണ്ടുപേരുടെ എടിഎം അക്കൗണ്ടില്‍നിന്നു പണം നഷ്ടമായെന്ന പരാതിയില്‍ പേരൂര്‍ക്കട പോലീസ് അന്വേഷണം തുടങ്ങി. പേരൂര്‍ക്കട ഇന്ദിരാനഗര്‍ സ്വദേശി അരവിന്ദിന്റെ 52,000 രൂപയാണ് കഴിഞ്ഞദിവസം പിന്‍വലിച്ചതായി കാണാനായത്. ഇദ്ദേഹം ഇപ്പോള്‍ അബുദാബിയില്‍ ജോലിചെയ്തു വരികയാണ്. അരവിന്ദിന് ആക്‌സിസ് ബാങ്കിലാണ് അക്കൗണ്ടുള്ളത്. കഴിഞ്ഞദിവസം തന്റെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം എത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വന്നത്.

മുമ്പ് നഗരത്തില്‍ നടന്ന വന്‍ എടിഎം തട്ടിപ്പിന്റെ തുടര്‍ച്ചയാണോ ഇതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പേരൂര്‍ക്കട സിഐ എസ്.എസ് സുരേഷ്ബാബു അറിയിച്ചു. അരവിന്ദ് നേരിട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല. ഇദ്ദേഹം തന്റെ ബന്ധുക്കളെ തന്റെ തട്ടിപ്പുസംബന്ധിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്. എടിഎം തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സൈബര്‍പോലീസിന്റെ സഹായം തേടാന്‍ പേരൂര്‍ക്കട പോലീസ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍കോളജ് ഭാഗത്തും സമാനമായ എടിഎം തട്ടിപ്പ് നടന്നതായി മെഡിക്കല്‍കോളജ് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

സ്വകാര്യാശുപത്രിജീവനക്കാരനായ ഒരു യുവാവിന്റെ 50,000 ഓളം രൂപയാണ് എടിഎം അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചതായി സന്ദേശം ലഭിച്ചത്. ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്റെ അക്കൗണ്ട് നമ്പരും മറ്റും കൈമാറി മണിക്കൂറുകള്‍ക്കുള്ളിലാണ് പണം നഷ്ടമായതായി ഇദ്ദേഹത്തിന് ബോദ്ധ്യമായത്. ഇന്ദിരാനഗര്‍ സ്വദേശി അരവിന്ദിന് ആക്‌സിസ് ബാങ്കില്‍ വിവിധ അക്കൗണ്ടുകള്‍ ഉള്ളതിനൊപ്പം മറ്റു ബാങ്കുകളിലും ഇടപാടുകളുണ്ട്. കൂടുതല്‍ പണം നഷ്ടമാകുമോയെന്ന ഭയപ്പാടിലാണ് ഇദ്ദേഹം.

സ്ഥിരമായി നടന്നുവരുന്ന എടിഎം തട്ടിപ്പ് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എത്രയും വേഗം ശേഖരിച്ച് അന്വേഷണം നടത്താനാണ് പേരൂര്‍ക്കട പോലീസിന്റെ തീരുമാനം.

Related posts