എഡിഎമ്മിന്റെ നടപടി തിരുത്തി മനുഷ്യാവകാശ കമ്മീഷന്‍

TVM JB-KOSHYCOMMISSINതിരുവനന്തപുരം : ഇരുപതിലധികം വീടുകളിലേക്ക്  കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ എഡിഎമ്മിന്റെ നടപടി തിരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജില്ലാകളക്ടര്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍   അധ്യക്ഷന്‍ ജെസ്റ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു.കോടതിയിലുള്ള സ്റ്റേ തെറ്റായി വ്യാഖ്യാനിച്ചാണ് എഡിഎം കുടിവെള്ളം നിഷേധിച്ചത്.  നേമം ശാന്തിവിള സര്‍ക്കാര്‍ ആശുപത്രിക്ക് എതിര്‍ വശത്ത് നിന്നും വാറുവിളാകത്തേക്ക് പോകുന്ന ഇടവഴിയിലൂടെ പൈപ്പ് കണക്ഷന്‍ എടുക്കാനുള്ള നീക്കം പ്രദേശവാസി തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവ്.

രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 14 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കി.  കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിട നിര്‍മാണം നടത്തിയതിന് പ്രദേശവാസിക്കെതിരെ നാട്ടുകാര്‍ മുന്‍സിഫ് കോടതിയില്‍  കേസ് ഫയല്‍ ചെയ്തിരുന്നു.  കെട്ടിട നിര്‍മാണത്തിന് കോടതി സ്റ്റേയും അനുവദിച്ചു.  സ്റ്റേ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസി എഡിഎമ്മിനെ സമീപിച്ച് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് തടസപ്പെടുത്തിയത്.

10 ലക്ഷം രൂപയുടെ സാധനങ്ങള്‍ പൊതുസ്ഥലത്ത് കിടന്ന് നശിക്കുന്നു.  ഇടവഴിയിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്നും കോടതി സ്റ്റേയ്ക്ക് ഇതുമായി ബന്ധമില്ലെന്നും നാട്ടുകാരായ 33 പേര്‍ മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.  കുടിവെള്ളം ഭരണഘടനാപരമായ അവകാശമാണെന്നും അത് നിഷേധിക്കാന്‍ എഡി എമ്മിന് അധികാരമില്ലെന്നും പരാതിയില്‍ പറഞ്ഞു. എത്രയും വേഗം പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് ജെസ്റ്റീസ് ജെ.ബി. കോശി  കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Related posts