ഏറ്റുമാനൂര്‍: പാറോലിക്കല്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതി ഒഡീഷ സ്വദേശി നായ്ക്കിനെ (28) കോടതി റിമാന്‍ഡു ചെയ്തു. കൊല്ലപ്പെട്ട ഒഡീഷ കലഹണ്ടി സങ്കരക്കോട്ട ഡനിറാം ദുര്‍ഗയുടെ മകന്‍ ചന്ദ്രമണി ദുര്‍ഗ (ജഗു-28)യുടെ മൃതദേഹം ഇന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോകും.ഏറ്റുമാനൂരിനു സമീപം പാറോലിക്കല്‍ ജംഗ്ഷനില്‍ എംസി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ജയം സ്റ്റോണ്‍ വര്‍ക്‌സിലെ തൊഴിലാളികളായിരുന്നു ജഗുവും ശശിയും. ഞായറാഴ്ച വെളുപ്പിന് 5.30-നാണ് ജഗു കൊല്ലപ്പെട്ടത്. ജഗുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ശശിയെ അന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ഗുരുവായൂര്‍ ക്ഷേത്രത്തിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നാണു പോലീസ് പിടികൂടിയത്.
രാത്രി 11.30-ന് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.ഇപ്പോള്‍ കൂത്താട്ടുകുളത്തു താമസിക്കുന്ന നാഗര്‍കോവില്‍ സ്വദേശി രാജേന്ദ്രരാജിന്റെ ഉടമസ്ഥതയിലുള്ള ജയം സ്‌റ്റോണ്‍സ് വര്‍ക്‌സിലെ ജീവനക്കാരായിരുന്ന ജഗുവും ശശിയും സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറിയിലാണു താമസിച്ചിരുന്നത്. ഞായറാഴ്ച വെളുപ്പിന് ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ശശി ജഗുവിനെ കൊലപ്പെടുത്തുകയായിരുന്നു.
പതിവു സമയം കഴിഞ്ഞിട്ടും ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്നു നാട്ടുകാരായ നിരപ്പേല്‍ ബാബുവും പാപ്പനുംകൂടി ഇവരുടെ മുറിയിലെത്തി പരിശോധിക്കുമ്പോഴാണ് ജഗു മരിച്ചുകിടക്കുന്നതു കാണുന്നത്. ജഗുവിനെ കൊലപ്പെടുത്തിയശേഷം മുറിവേറ്റ കൈയുമായി ഏറ്റുമാനൂരിലെ എടിഎം കൗണ്ടറിലെത്തി പണം എടുത്തശേഷം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെനിന്നും തെള്ളകത്തെ സ്വകാര്യ ആുപത്രിയിലെത്തി മുറിവു വച്ചുകെട്ടിയശേഷമാണു ശശി കടന്നുകളഞ്ഞത്.
മൊബൈല്‍ ഫോണ്‍ പരിധി മനസിലാക്കി പിന്തുടര്‍ന്ന പോലീസ് ഉച്ചകഴിഞ്ഞ് ഇയാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്കു സമീപം ഇതരസംസ്ഥാന തൊഴിലാളികളുടെ സങ്കേതത്തിലുണ്ടെന്നു മനസിലാക്കി. ഗുരുവായൂര്‍ ടെമ്പിള്‍, ഗുരുവായൂര്‍, ചാവക്കാട് പോലീസ് സ്‌റ്റേഷനുകളില്‍നിന്നായി നൂറോളം വരുന്ന പോലീസ് സംഘം താവളം വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
ജുഗുവിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു. ഇയാളുടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. ഇന്നു ബന്ധുക്കള്‍ക്കു കൈമാറുന്ന മൃതദേഹം മെഡിക്കല്‍ കോളജില്‍ എംബാം ചെയ്തശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു പോലീസ് പറഞ്ഞു.
പാചകത്തെച്ചൊല്ലി തര്‍ക്കം; ഒടുവില്‍ കൊലപാതകം
ഏറ്റുമാനൂര്‍: മൃഗീയമായ കൊലപാതകം നടന്നതു പാചകത്തെച്ചൊല്ലിയുണ്ടായ നിസാര തര്‍ക്കത്തെതുടര്‍ന്ന്. പ്രതി വെളിപ്പെടു്തിയതായി പോലീസ് പറഞ്ഞത് ഇങ്ങനെ:ഒരേ മുറിയില്‍ ജഗു കട്ടിലിലും ശശി നിലത്തു പായ വിരിച്ചുമാണു കിടന്നിരുന്നത്. ഞായറാഴ്ച വെളുപ്പിന് 5.15-ന് ശശിയെ വിളിച്ചുണര്‍ത്തിയ ജഗു രാവിലെ ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു.
വിസമ്മതിച്ചുകിടന്ന ശശിയെ ജഗു ചവുട്ടി ഉണര്‍ത്തി. കട്ടിലില്‍ കിടന്നുകൊണ്ടു പലതവണ ചവിട്ടുകയും തൊഴിക്കുകയും ചെയ്ത ജഗുവിനോടുള്ള അരിശത്തില്‍ എഴുന്നേറ്റ് അടുക്കളയിലേക്കുപോയ ശശി അല്‍പസമയത്തിനു ശേഷം കറിക്കത്തിയുമായെത്തി
ഈ സമയം ജഗു വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണിരുന്നു. കറിക്കത്തികൊണ്ട് ജഗുവിന്റെ കഴുത്തില്‍ വെട്ടിയ ശശി ജഗുവിന്റെ മുഖത്തും ശരീരത്തിലുമെല്ലാം കത്തികൊണ്ടു വരഞ്ഞു. ഇതിനുശേഷം കൈലിമുണ്ടുപയോഗിച്ചു കഴുത്തില്‍ വരിഞ്ഞുമുറുക്കി മരണം ഉറപ്പാക്കിയശേഷം ബഡ്ഷീറ്റുകൊണ്ടു കഴുത്തുവരെ പുതപ്പിച്ചിട്ടാണു ശശി മുറിവിട്ടുപോയത്.