Set us Home Page

കടുവയ്ക്കു പിന്നാലെ ആനയും ! തോല്‍പ്പെട്ടിയില്‍ ആനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്ന വീഡിയോ തരംഗമാവുന്നു; സംഭവം ഏറ്റുപിടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും…

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാക്കളുടെ ബൈക്കിനു നേരെ കടുവ കുതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചിരുന്നു. ഇപ്പോള്‍ തോല്‍പ്പെട്ടി വന്യ സങ്കേതത്തിലുണ്ടായ സംഭവവും ഇതിനോടകം ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഇവിടെ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനക്കൂട്ടം പാഞ്ഞടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ മാധ്യമമായ ഡെയ്ലി മെയിലില്‍ വരെ വാര്‍ത്തയായിരിക്കുന്നത്. ജീപ്പിന് നേരെ ആനക്കൂട്ടം കുതിക്കുന്നതും വണ്ടി വേഗം വിടാന്‍ ആളുകള്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

സങ്കേതത്തില്‍ നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ഹോണ്‍ കേട്ടതോടെയാണ് ആനകള്‍ പരിഭ്രാന്തരാകുകയും ചിന്നം വിളിച്ചുകൊണ്ട് ഓടി വരികയും ചെയ്തത്. ഉടന്‍ തന്നെ വണ്ടി എടുത്ത് വേഗത്തില്‍ പോകാന്‍ തുടങ്ങി എങ്കിലും പിറകെ എത്തിയ ആന എട്ട് സെക്കന്റോളം ജീപ്പിനെ പിന്തുടര്‍ന്നു. യാത്രക്കാര്‍ ഭയപ്പെട്ടെങ്കിലും വണ്ടി നിര്‍ത്താതെ മുന്നോട്ട് പോയത് ആനയുടെ ആക്രമണത്തില്‍ നിന്ന രക്ഷപ്പെടാന്‍ സഹായിച്ചു. മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്നതായിരുന്നു സംഘം.

വിനോദയാത്രാ സംഘത്തില്‍ പെട്ട ആള്‍ക്കാര്‍ പേടിച്ച നിലവിളിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് വീഡിയോ എടുത്തതെന്ന് കരുതുന്നു. ആരാണ് അപകടത്തില്‍ പെട്ടതെന്നോ എവിടെ നിന്നാണെന്നോ ഒന്നും തന്നെ വ്യക്തമല്ല. സങ്കേതത്തിനകത്ത് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. 2017 ഡിസംബറില്‍ സങ്കേതത്തില്‍ നിറുത്തിയിട്ടിരുന്ന വാഹനം ഒറ്റയാന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

ബൈക്കിനു പിന്നാലെ ഓടുന്ന കടുവ വയനാട്ടിലെ തന്നെയെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.കടുവ ഇറങ്ങിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് ഈ ദിവസം വനം വകുപ്പ് നല്‍കിയതായി മുമ്പ് ചില യാത്രികരും വ്യക്തമാക്കിയിരുന്നു. റോഡില്‍ തടഞ്ഞ ചെറു വാഹനങ്ങളെ കടുവയുണ്ടെന്ന് പറഞ്ഞ് യാത്ര വിലക്കിയതായി പലരും വെളിപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ ഇതരഭാഷാ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അതതു മേഖലയിലെ വനത്തിനുള്ളിലെ കടുവ എന്ന മട്ടിലും വാര്‍ത്ത വന്നു. പാമ്പ്രയില്‍ കടുവയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ ഫോറസ്റ്ററും ഗാര്‍ഡും കടുവയെ നിരീക്ഷിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അവര്‍ക്കു നേരെയാണു കടുവ ചാടിയതെന്ന വാദവും ഉയര്‍ന്നെങ്കിലും വനം വകുപ്പ് നിഷേധിക്കുകയായിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS