കടുത്തുരുത്തി: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ നാടിന് മുന്നറിയിപ്പും ബോധവത്കരണവും മാതൃകയുമായി അയല്‍സഭയിലെ മുഴുവന്‍ കുടുംബങ്ങളും രംഗത്ത്. കടുത്തുരുത്തി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പ്രതിഭ അയല്‍സഭയിലെ കുടുംബങ്ങളാണ് പ്ലാസ്റ്റിക് കൂടുകള്‍ ഉപേക്ഷിച്ചു തുണിസഞ്ചിയിലേക്കു മടങ്ങിയത്. ഇവിടത്തെ കുടുംബങ്ങള്‍ ഇനിമുതല്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുക തുണി സഞ്ചിയാവും. ഇവിടത്തെ കുടുംബങ്ങളില്‍ നിന്നു പ്ലാസ്റ്റിക്കിനെ തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് വീട്ടുകാര്‍ തുണിസഞ്ചി കൈയിലെടുക്കുന്നത്.
കടുത്തുരുത്തി പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ മാലിന്യമുക്തം പരിപാടിയുടെ ഭാഗമായി നാട്ടില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികളും കൂടുകളും ക്യാരി ബാഗുകളും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനുമാണ് തങ്ങള്‍ ആദ്യമായി ഇത്തരമൊരു തീരുമാനമെടുത്തതെന്നു പ്രതിഭ അയല്‍സഭ ഭാരവാഹികള്‍ പറഞ്ഞു. അയല്‍സഭയില്‍ ഉള്‍പെടുന്ന മുഴുവന്‍ കുടുംബങ്ങല്ക്കും തുണി സഞ്ചി സൗജന്യമായി വിതരണം ചെയ്തു. അയല്‍സഭയുടെ നേതൃത്വത്തിലാണ് 65 രൂപ വില വരുന്ന തുണി സഞ്ചി കൂട്ടായ്മയില്‍ ഉള്‍പെടുന്ന 103 വീട്ടുകാര്‍ക്കും സൗജന്യമായി വിതരണം ചെയ്തത്.
വീടുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും ഉപയോഗം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ പറമ്പുകളില്‍ കിടക്കുന്ന ഇവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുകുകള്‍ വളരുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നാട് നേരിടേണ്ട സാഹചര്യത്തിനും വഴി വയ്ക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. തുണി സഞ്ചികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലും വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ടും നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മാത്യു ജി.മുരിക്കന്‍, അനുജാ ബാലകൃഷ്ണന്, പൗരാവകാശ സമിതി സെക്രട്ടറി പി.ജെ. തോമസ്, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ഷീലാ മധു, അയല്‍സഭ ചെയര്മാന് എം.ആര്. ഷൈന്‍കുമാര്‍, സി.പി. നാരായണന്‍നായര്‍, പി.എസ്. വിജയകുമാര്‍, ബാലചന്ദ്രന് ചെമ്മലപള്ളി, രാജു പുന്നക്കുഴി, രമ സിദ്ധാര്ത്ഥന് എന്നിവര്‍ പ്രസംഗിച്ചു. നാടിന് ശാപമായി മാറിയ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പ്രതിഭാ അയല്‍സഭയിലെ പ്രവര്‍ത്തകര്‍ നടത്തുന്ന ബോധവത്കരണം ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്. അലരിയിലെ സ്നേഹ പുരുഷ സ്വയം സഹായക സംഘം പ്രവര്‍ത്തകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
പ്ലാസ്റ്റിക് ഉപയോഗം പ്രകൃതിയില്‍ വരുത്തുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വാര്‍ഡിലെ വീട്ടുക്കാരെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷപ്പുക ശ്വസിച്ചാല്‍ മാരക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളും ഇവര്‍ വീട്ടുകാരെ ബോധ്യപെടുത്തി.
വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങിയ പ്രവര്‍ത്തകര്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ഒപ്പിട്ട പ്ലാസ്റ്റിക്കിനെതിരെയുള്ള നിവേദനം പഞ്ചായത്തിന് കൈമാറിയിരുന്നു. വീടുകളില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്ക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാനും സൗകര്യങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കടുത്തുരുത്തി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്ലാസ്റ്റിക് കൂടിന് പകരമായി എളുപ്പത്തില്‍ നശിച്ചു പോകുന്ന പ്രകൃതിക്ക് ദോഷമുണ്ടാകാത്ത പേപ്പര്‍ കൂടുകളോ, തുണി സഞ്ചികളോ നല്കാന് നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന് നല്കിയ നിവേദനത്തിലെ ഇവരുടെ പ്രധാന ആവശ്യം.