കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താന്‍ ഓട്ടോറിക്ഷകള്‍ നല്‍കേണ്ടി വരുന്നത് പ്രതിവര്‍ഷം രണ്ടായിരത്തിലേറെ രൂപ. ട്രാഫിക് റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ നടപ്പിലാക്കിയ പരിഷ്കാരത്തിന്റെ പേരിലാണ് ഓട്ടോറിക്ഷകള്‍ സര്‍ക്കാരിന് കൈമാറുന്ന നികുതിയുടെ നാലിരട്ടിയിലേറെ പണം പഞ്ചായത്തിന് പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ടിവരുന്നത്. ഒരു ദിവസം അഞ്ച് രൂപയാണ് ഓട്ടോറിക്ഷകള്‍ നല്‍കേണ്ടത്. ഇത്തരത്തില്‍ പ്രതിവര്‍ഷം 1825 രൂപ നല്‍കണം.
ഇതിനു പുറമേ പഞ്ചായത്തില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടാന്‍ 200 രൂപ വേറെയും നല്‍കണം. ഇത്തരത്തില്‍ പ്രതിവര്‍ഷം 2025 രൂപ നല്‍കണം. പ്രതിവര്‍ഷം നികുതി ഇനത്തില്‍ ഓട്ടോറിക്ഷകള്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിലേയ്ക്ക് അടയ്‌ക്കേണ്ടത് 525 രൂപയാണ്. ടാക്‌സ് അടയ്ക്കുന്നതിന്റെ നാലിരട്ടി തുക പാര്‍ക്കിംഗിന്റെ പഞ്ചായത്തിന് നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഇടലെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷകളുടെ സ്ഥിതിയില്‍ നിന്ന് വ്യത്യസ്തമല്ല ടാക്‌സി കാറുകളുടേയും ജീപ്പുകളുടേയും അവസ്ഥയും.
പണം വാങ്ങുന്നുവെന്നതിനപ്പുറം സ്റ്റാന്‍ഡില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഒരുവിധ ക്രമീകരണവും ഒരുക്കിയിട്ടില്ലെന്നതാണ് സ്ഥിതി. സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വിശ്രമസ്ഥലവും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവും ഒരുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും അധികൃതര്‍ കേള്‍ക്കുന്നില്ല. ഓട്ടോറിക്ഷകള്‍ ഒന്നിനുപിറകേ ഒന്നായി പാര്‍ക്കിംഗ് തുടങ്ങി ബൈപ്പാസ് റോഡിലെത്തുന്ന സ്ഥിതിയിലാണ് ഇപ്പോള്‍. ഓട്ടോറിക്ഷകള്‍ തേടിയെത്തുന്നവര്‍ക്ക് ഓട്ടോറിക്ഷകള്‍ കാണാന്‍പോലും കഴിയാത്ത സ്ഥിതിയില്‍ ചില ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡ് വിട്ട് റോഡ് വികസനത്തിന് മുന്‍പ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് മാറി.
ഇവിടെ സുരക്ഷിതരല്ലെന്ന സ്ഥിതി ഉയരുന്നുവെങ്കിലും പണം നല്‍കി പാര്‍ക്കിംഗ് നടത്തിയിട്ടും ഓട്ടം കിട്ടാത്ത സ്ഥിതിക്ക് നേരിയ പരിഹാരമുണ്ടെന്നാണ് ചില ഡ്രൈവര്‍മാരുടെ നിലപാട്. പാര്‍ക്കിംഗ് നിശ്ചയിക്കുന്നതും പാര്‍ക്കിംഗ് ഫീസ് തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നത് പഞ്ചായത്തുകളാണെന്നും നികുതിപണത്തിന്റെ പലമടങ്ങ് തുക പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ടി വരുന്നത് പരിശോധിക്കുമെന്നും ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ആദര്‍ശ്കുമാര്‍ പറഞ്ഞു. ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് ഒരുക്കാതെ സ്റ്റാന്‍ഡിലും ബൈപ്പാസ് റോഡിലും റോഡിന്റെ ഒരുവശത്തും പാര്‍ക്കിംഗ് നിരോധിച്ചതും വലിയ ബുദ്ധിമുട്ടിന് വഴിതെളിക്കുന്നുണ്ട്.