കാട്ടാക്കട: നഗരത്തിലേക്കും ഗ്രാമങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന കരമനയാറ്റിലും അതിലെ കൈതോടുകളിലും വ്യാപകമായി കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ളവ നിക്ഷേപിക്കുന്നത് പതിവായി മാറുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നാട്ടുകാര്‍ വാട്ടര്‍ അഥോറിറ്റിക്ക് നല്‍കിയെങ്കിലും അത് അവഗണിച്ച ബന്ധപ്പെട്ടവര്‍ക്ക് ഇന്നലെ കണ്‍മുന്നില്‍ മാലിന്യങ്ങള്‍ കാണാനായി. കുടിവെള്ളത്തില്‍ മാലിന്യം കണ്ടതിനെ തുടര്‍ന്ന് രണ്ടു പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം നിറുത്തി വയ്‌ക്കേണ്ട അവസ്ഥ വരെ വന്നിരിക്കകയാണ്. കരമനയാര്‍ കടന്നുപോകുന്ന കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം തുടങ്ങി വിവിധ ഭാഗങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളിയത്. ഇന്നലെയാണ് കുറ്റിച്ചലിനും കാരിയോടിനും ഇടയ്ക്കുള്ള പേങ്ങാട് തോട് കരമനയാറില്‍ വന്നു ചേരുന്ന ഭാഗത്താണ് സെപ്റ്റിക് ടാങ്ക് വേസ്റ്റ് ഒഴുക്കി വിട്ടത്.
ആര്യനാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ കുടിവെള്ള ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് ഇവിടുത്തെ പമ്പിംഗ് സ്‌റ്റേഷനുകളില്‍ നിന്നാണ്. കരമനയാറിന്റെ കൈവഴിയാണ് കാരിയോട് കുമ്പിള്‍മൂട് തോട്. മാലിന്യം ഒഴുകി നദിയില്‍ എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റിച്ചല്‍ , ആര്യനാട് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കുറ്റിച്ചല്‍-ആര്യനാട് റോഡില്‍ വനത്തില്‍ നിന്നും ഒഴുകിയെത്തുന്ന കുമ്പിള്‍മൂട് തോട്ടില്‍ കാരിയോടിന് സമീപത്തായി കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. രാവിലെ അസഹ്യമായ ദുര്‍ഗന്ധം ഉണ്ടായതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ ജല അഥോറിറ്റി നെടുമങ്ങാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം തോട്ടിലൂടെ ഒഴുകി കരമനയാറിലെത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ആര്യനാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം നടത്തുന്ന പമ്പ് ഹൗസുകളുടെ പമ്പിംഗ് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പലപ്രദേശങ്ങളിലും പൈപ്പ് ലൈനുകള്‍ പൊട്ടിച്ചും പൊതു ടാപ്പുകള്‍ തുറന്ന് വിട്ടും സംഭരണികളിലെ വെള്ളം ഒഴുക്കി വിട്ടു. സംഭരണികളില്‍ മലിന ജലം കലര്‍ന്നോ എന്നറിയാന്‍ ഉദ്യാഗസ്ഥര്‍ വെള്ളം ശേഖരിച്ച് തിരുവനന്തപുരത്തെ ക്വാളിറ്റി കണ്‍ട്രോള്‍ വിംഗിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .
ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നശേഷം മാത്രമേ പമ്പിംഗ് പുനരാരംഭിക്കാന്‍ കഴിയൂ എന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുമ്പിള്‍മൂട് തോട് വഴി കരമനയാറിലേക്ക് എത്തിയ കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്ന് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ പൈപ്പ് ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്ന ഉപഭോക്ത ാക്കള്‍ തിളപ്പിച്ച ശേഷമേ വെള്ളം ഉപയോഗിക്കാവൂ എന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചു. കൊക്കോട്ടേല പമ്പ് ഹൗസിന്റെ അടുത്ത് കരമനയാറുമായി ബന്ധപ്പെടുന്ന തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് സ്ഥലവാസികള്‍ക്കും ആര്യനാട് എല്‍.പി.എസ്, ഹൈസ്കൂള്‍, വില്ലാനസ്രത്ത് സ്കൂളൂകളില്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം പടര്‍ന്ന് സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിതും അടുത്തിടെയാണ്.
ഇതുകാരണം കൊക്കോട്ടേല ആര്യനാട് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിറുത്തിവച്ചതും രണ്ടു ദിവസം മുന്‍പാണ്. കരമനയാറ്റില്‍ നിന്നും വരുന്ന ജലം അരുവിക്കര ഡാമില്‍ചെന്ന് അവിടെ നിന്നും ശുദ്ധീകരിച്ചാണ് തിരുവനന്തപുരത്തും പ്രാന്തപ്രദേശത്തും വെള്ളം എത്തിക്കുന്നത്. കക്കൂസ് മാലിന്യം രാത്രികാലങ്ങളില്‍ കരമനയാറ്റില്‍ തള്ളുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.