അമ്പലപ്പുഴ: അയല്‍വാസിയായ കടയുടമയെയും ഭാര്യയെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ച സംഭവത്തിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരു മാസം മുമ്പാണ് പുന്നപ്ര സ്വദേശിയായ പ്രവീണിനും ഭാര്യയേയും മറ്റൊരു സ്ത്രീയേയും യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആക്രമിച്ചത്. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പുന്നപ്ര പോലീസ് സ്റ്റേഷന് ഉപരോധിയ്ക്കുകയും പിന്നീട് പെണ്‍കുട്ടിക്കെതിരെ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിലുള്‍പ്പെട്ട പെണ്‍കുട്ടിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജുവൈനല്‍ ഹോം അധികാരികള്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു, എന്നാല്‍ ജുവൈനല്‍ ഹോം അധികാരികളില്‍ നിന്നും ഇതിന് വേണ്ട യാതൊരു നടപടിയുമുണ്ടാകാത്തതിനാല് പ്രതിക്ഷേധം ശക്തമാകുകയാണ്. നിയമാനുസരണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടികൂടണമെങ്കില്‍ പല നിബന്ധനകളുമുണ്ട്. പെണ്‍കുട്ടിയെ പിടികൂടാനായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. എന്നാല്‍ യുവജനസംഘടന നേതാവിന്റെ ഇടപെടല്‍ മൂലം ജൂവൈനല്‍ ഹോം അധികാരികള്‍ മൗനം പാലിയ്ക്കുകയാണെന്ന ആരോപണവും ശക്തമാകുകയാണ്.