മെഡിക്കല്‍ കോളജ് : മെഡിക്കല്‍ കോളജ് പോസ്‌റ്റോഫീസിന്റെ ഉപ പോസ്‌റ്റോഫീസായ തുറുവിക്കല്‍ പോസ്‌റ്റോഫിസില്‍ നിന്നും കത്തുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മുന്‍കാലങ്ങളില്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും കത്തുകള്‍ മേല്‍വിലാസക്കാരനു എത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോസ്റ്റുമാനെ അറിയുകപോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ രണ്ടു പോസ്റ്റുമാന്‍മാര്‍ ഉണ്ടെന്ന് അധികൃതര്‍ പറയുന്നു.
എയര്‍ഫോഴ്‌സ്, നെഞ്ചുരോഗാശുപത്രി, ഡയബറ്റിക് സെന്റര്‍, സര്‍ക്കാര്‍ വൃദ്ധസദനം എന്നിവയ്ക്കു പുറമേ നൂറുകണക്കിനു വീടുകളും സ്ഥാപനങ്ങളുമാണ് തുറുവിക്കല്‍ പോസ്‌റ്റോഫീസിനു കീഴില്‍ വരുന്നത്. ഇവിടേക്ക് വരുന്ന രജിസ്റ്റേര്‍ഡ് കത്തുകള്‍ പോലും കിട്ടാറില്ലെന്ന് ആക്ഷേപമുണ്ട്. ആധാര്‍ കാര്‍ഡുകളും മറ്റു വിലപിടിപ്പുള്ള രേഖകളും ഓഫീസില്‍ പോയി ബഹളമുണ്ടാക്കുന്നവര്‍ക്കു മാത്രം നല്‍കിവരുന്നു.
സ്വകാര്യ കത്തുകള്‍ എണ്ണത്തില്‍ കുറഞ്ഞെങ്കിലും മറ്റു രേഖകള്‍, ടെലഫോണ്‍ ബില്‍, ബുക്ക് പോസ്റ്റ്, ബാങ്ക് രേഖകള്‍ എന്നിവയുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം തുറുവിക്കല്‍ പോസ്‌റ്റോഫീസില്‍ എത്തിയാല്‍ പുറംലോകം കാണാറില്ല.
പരീക്ഷണാര്‍ഥം സ്വന്തം മേല്‍വിലാസത്തില്‍ കത്തു പോസ്റ്റ് ചെയ്തവരോടു പോലും തിരക്കി ചെല്ലുമ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ഉണ്ടാകുന്നത്. അധികൃതരോട് പരാതി പറഞ്ഞു മടുത്ത നാട്ടുകാര്‍ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പറയുന്നു.